More

ഐ.എന്‍.എക്‌സ് മീഡിയ കേസ്: പി ചിദംബരത്തെ റിമാന്റ് ചെയ്തു

By chandrika

September 05, 2019

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസിലാണ് ചിദംബരത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 19 വരെ ചിദംബരത്തെ തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കും. കസ്റ്റഡിയില്‍ വിടണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഡല്‍ഹി റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സുരക്ഷിതമായതും സൗകര്യങ്ങളുള്ളതുമായ ജയില്‍മുറി അനുവദിക്കണമെന്ന ചിദംബരത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ കീഴടങ്ങാന്‍ തയ്യാറാണെന്ന് കാണിച്ചുള്ള അപേക്ഷയും ചിദംബരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ വിഷയത്തില്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് മറുപടി ചോദിച്ചിട്ടുണ്ട്. അപേക്ഷ ഈ മാസം 12ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.