മുംബൈ: പുതിയ ഐഫോണ്‍ 17 വിപണിയിലത്തിയതോടെ ആപ്പിളിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി നേടിയ മൊത്തം വരുമാനം 102.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.5 ലക്ഷം കോടി രൂപ) ആയി. ഇന്ത്യയിലും ആഗോള വിപണികളിലും ശക്തമായ വില്‍പനയാണ് റെക്കോര്‍ഡിന് പിന്നിലെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് വ്യക്തമാക്കി. ഇന്ത്യയില്‍ ആപ്പിളിന് സര്‍വകാല റെക്കോര്‍ഡ് വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി രാജ്യത്ത് ഐഫോണ്‍ വില്‍പന തുടര്‍ച്ചയായി ഉയരുകയാണ്. ആഭ്യന്തര ഉത്പാദനം ആരംഭിച്ചതും. പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ തുറന്നതും വളര്‍ച്ചയ്ക്ക് കരുത്തേകിയതായി കുക്ക് പറഞ്ഞു. സെപ്റ്റംബര്‍ 17-നാണ് ഐഫോണ്‍ 17 പുറത്തിറക്കിയത്. അതിനുശേഷം ഡിമാന്‍ഡ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായതിനാല്‍ എന്‍ട്രി ലെവല്‍ മോഡലുകളും പ്രോ പതിപ്പുകളും ലഭ്യതക്കുറവില്‍പ്പെട്ടതായി കമ്പനി വ്യക്തമാക്കി. ഐഡിസി ഇന്ത്യയുടെ കണക്കനുസരിച്ച് 2025ല്‍ ആപ്പിളിന്റെ വില്‍പനയില്‍ 25% വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നു. മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ നേരിയ ഇടിവുണ്ടായിട്ടും ഉയര്‍ന്ന വിലയുള്ള മോഡലുകള്‍ക്കുള്ള ആവശ്യം ആപ്പിളിന് മുന്‍തൂക്കം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ വിലയുടെ മൂന്നിരട്ടി വിലയ്ക്കാണ് ഐഫോണുകള്‍ വില്‍ക്കപ്പെടുന്നത് എന്നതും വിപണിയിലെ ആപ്പിളിന്റെ പ്രീമിയം നിലപാട് തെളിയിക്കുന്നു.