കൊല്‍ക്കത്ത: കരുത്തരുടെ അങ്കത്തില്‍ കരുത്തുറ്റ പോരാട്ടം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ബലാബലം വന്നപ്പോള്‍ ആവേശ കൊടുമുടിയില്‍ കൊല്‍ക്കത്തക്കാര്‍ ജയിച്ചുകയറി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ച് വിക്കറ്റിന് 177 റണ്‍സ് നേടിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്, ഗില്‍ എന്നിവരുടെ കരുത്തിലാണ് ജയിച്ചത്. ചെന്നൈ ലൈനപ്പില്‍ മിന്നിയത് പതിവ് പോലെ മഹേന്ദ്രസിംഗ് ധോണി എന്ന നായകന്‍. 25 പന്തില്‍ പുറത്താവാതെ 43 റണ്‍സുമായി നായകന്‍ തല ഉയര്‍ത്തി നിന്നു. നാല് സിക്‌സറുകളും ഒരു ബൗണ്ടറിയും ആ ഇന്നിംഗ്‌സിന് ചാരുതയേകി.

ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണ്‍ അതിവേഗതയില്‍ 36 റണ്‍സ് നേടി പുറത്തായപ്പോള്‍ ഡൂപ്ലസി 27 റണ്‍സ് സ്വന്തമാക്കി. സുരേഷ് റൈന 31 റണ്‍സ് നേടിയപ്പോള്‍ റായിഡു 21 ല്‍ പുറത്തായി. കൊല്‍ക്കത്തയുടെ മറുപടി സുനില്‍ നരേനിലൂടെയായിരുന്നു. രണ്ട് സിക്‌സും നാല് ബൗണ്ടറികളുമായി വിന്‍ഡീസുകാരന്‍ കളം നിറഞ്ഞപ്പോള്‍ രണ്ട് വട്ടം അദ്ദേഹം നല്‍കിയ അവസരം മികച്ച ഫീല്‍ഡറായ രവീന്ദു ജഡേജ പാഴാക്കി. ഒരു തവണ മല്ലപ്പുറത്തുകാരനായ കെ.എം ആസിഫിന്റെ പന്തിലായിരുന്നു എളുപ്പമുള്ള ക്യാച്ച് ജഡേജ നിലത്തിട്ടത്. എടവണ്ണക്കാരനായ ആസിഫ് പക്ഷേ ഉത്തപ്പയെ പറഞ്ഞ് വിട്ട് വിക്കറ്റ് സ്വന്തമാക്കി. ആദ്യ രണ്ട് ഓവറില്‍ 11 റണ്‍സ് മാത്രമാണ് ആസിഫ് നല്‍കിയത്.