Sports

ഐ.പി.എല്‍ മിനി ലേലം:കാമറൂണ്‍ ഗ്രീനും 45 താരങ്ങളും രണ്ടുകോടി അടിസ്ഥാന വില പട്ടികയില്‍

By webdesk18

December 02, 2025

മുംബൈ: ഈ മാസം 16ന് അബൂദബിയില്‍ നടക്കുന്ന ഐ.പി.എല്‍ മിനി ലേലത്തിനായി 1355 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 45 താരങ്ങളാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി വിഭാഗത്തിലുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും രണ്ടുകോടി അടിസ്ഥാന വിലയുള്ളവരുടെ പട്ടികയില്‍ ഇടംനേടി.

ഓസീസ് താരമായ ഗ്ലെന്‍ മാക്‌സ്വെല്‍ ലേലത്തില്‍ പങ്കെടുത്തിട്ടില്ല. നെതര്‍ലന്‍ഡ്സ്, സ്‌കോട്‌ലന്‍ഡ്, യു.എസ്.എ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തുന്നത്. കഴിഞ്ഞതവണ ആരും സ്വന്തമാക്കാത്ത സ്റ്റീവ് സ്മിത്തും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ ജോഷ് ഇംഗ്ലിസും രണ്ടുകോടി പട്ടികയില്‍.

കഴിഞ്ഞ സീസണില്‍ കെ.കെ.ആര്‍ 23.75 കോടി മുടക്കി സ്വന്തമാക്കിയ വെങ്കടേഷ് അയ്യരെയും, എല്‍.എസ്.ജി ?14 കോടി മുടക്കി നിലനിര്‍ത്തിയ രവി ബിഷ്ണോയിയെയും ഇത്തവണ ടീമുകള്‍ ഒഴിവാക്കിയിരുന്നു.

മുമ്പ് വിറ്റുപോകാതെ പോയ ഉമേഷ് യാദവ്, പ്രിഥ്വി ഷാ, സര്‍ഫറാസ് ഖാന്‍ എന്നിവരും പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ്, വിന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍, ഇംഗ്ലണ്ടിന്റെ മുഈന്‍ അലി എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കാത്ത പ്രമുഖര്‍. ഡുപ്ലെസിസും മുഈന്‍ അലിയും പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിലെത്തിയപ്പോള്‍, റസ്സല്‍ കൊല്‍ക്കത്തയുടെ പരിശീലകസ്ഥാനത്തേക്ക് മാറി.

ഈ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി കാമറൂണ്‍ ഗ്രീന്‍ മാറുമെന്നാണ് വിലയിരുത്തല്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയ ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ശ്രീലങ്കക്കാരായ മതീഷ പതിരന, വാനിന്ദു ഹസരങ്ക എന്നിവരും രണ്ടുകോടി പട്ടികയിലുണ്ട്.

10 ടീമുകളില്‍ 77 ഒഴിവുകളാണ് ഉള്ളത്. പരമാവധി 31 വിദേശ താരങ്ങളെ വരിക്കാം. ഏറ്റവും കൂടുതല്‍ പണമുള്ളത് കെ.കെ.ആര്‍ (64.30 കോടി), തുടര്‍ന്ന് സിഎസ്‌കെ (43.40 കോടി). ഏറ്റവും കുറവ് പണം മുംബൈ ഇന്ത്യന്‍സ് (2.75 കോടി) കൈവശം.

രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍; രവി ബിഷ്‌ണോയി, വെങ്കടേഷ് അയ്യര്‍, മുജീബുര്‍ റഹ്‌മാന്‍, നവീനുല്‍ ഹഖ്, സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, കൂപ്പര്‍ കന്നോലി, ജാക് ഫ്രേസര്‍ മഗ്രൂക്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, മുസ്താഫിസുര്‍ റഹ്‌മാന്‍, ഗസ് അറ്റ്കിന്‍സണ്‍, ടോം ബാന്റണ്‍, ടോം കുറാന്‍, ലിയാന്‍ ഡ്വാസണ്‍, ബെന്‍ ഡക്കറ്റ്, ഡാന്‍ ല്വാറന്‍സ്, ലിയാം ലിവിങ്സ്റ്റണ്‍, തൈമല്‍ മില്‍സ്, ജമീ സ്മിത്, ഫിന്‍ അലെന്‍, മൈക്കല്‍ ബ്രേസ്വെല്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, മാറ്റ് ഹന്റി, കെയില്‍ ജമീസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്കെ, രചിന്‍ രവീന്ദ്ര, ജെറാള്‍ഡ് കോട്‌സീ, ഡേവിഡ് മില്ലര്‍, ലുങ്കി എങ്കിഡി, ആന്റിച് നോര്‍ട്‌ജെ, റൂസോ, ത്രബ്രൈസ് ഷംസി, ഡേവിഡ് വീസ്, വാനിന്ദു ഹസരങ്ക, മതീഷ പതിരന, മഹീഷ് തീക്ഷണ, ജാസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അകീര്‍ ഹുസൈന്‍, അല്‍സാരി ജോസഫ്.