News

ഐപിഎല്‍ താരം കൈമാറ്റം: രാജസ്ഥാന്‍ റോയല്‍സില്‍ എത്തുന്ന രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

By webdesk18

November 12, 2025

ഐപിഎല്‍ അടുത്ത സീസണിന് മുന്നോടിയായി നടക്കുന്ന താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തുന്ന രവീന്ദ്ര ജഡേജ ടീമിനോട് ക്യാപ്റ്റന്‍ പദവി ആവശ്യപ്പെട്ടതായി സൂചന. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് മാറുകയാണ്. ഇതോടെ റോയല്‍സിന്റെ പുതിയ നായകന്‍ ആരായിരിക്കുമെന്ന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുമെന്ന ഉറപ്പിലാണ് ജഡേജ തന്റെ മുന്‍ ടീമായ രാജസ്ഥാനിലേക്ക് തിരിച്ചെത്താന്‍ തയ്യാറായതെന്ന് പറയുന്നു. എന്നാല്‍ 37 കാരനായ ജഡേജയുടെ ഐപിഎല്‍ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് മികച്ചതല്ല. 2022ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകസ്ഥാനം ധോണിയില്‍ നിന്ന് ഏറ്റെടുത്ത ജഡേജ എട്ട് മത്സരങ്ങളില്‍ വെറും രണ്ടില്‍ മാത്രമാണ് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ധോണിക്ക് തിരിച്ചുനല്‍കിയിരുന്നു.

സഞ്ജു സാംസണ്‍ രാജസ്ഥാനം വിടുന്നതോടെ ടീം മാനേജ്മെന്റ് മൂന്ന് താരങ്ങളെ നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, മധ്യനിര താരം റിയാന്‍ പരാഗ്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്ക് ബാധിച്ചതോടെ താല്‍ക്കാലികമായി പരാഗ് ക്യാപ്റ്റനായെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. അന്ന് രാജസ്ഥാന്‍ ഒന്‍പതാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.

മറുവശത്ത് ചെന്നൈ സൂപ്പര്‍ കിങ്സിലും നായക സ്ഥാനത്തെ കുറിച്ച് അനിശ്ചിതത്വമുണ്ട്. നിലവില്‍ റുതുരാജ് ഗെയ്ക്വാഡ് ആണ് ടീമിന്റെ ക്യാപ്റ്റന്‍, എന്നാല്‍ പരിക്കുകള്‍ കാരണം കഴിഞ്ഞ സീസണില്‍ പകുതിയേ കളിക്കാന്‍ കഴിഞ്ഞുള്ളൂ. ധോണി പിന്നീട് ടീമിനെ നയിച്ചെങ്കിലും ചെന്നൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി സീസണ്‍ പൂര്‍ത്തിയാക്കി.

അടുത്ത സീസണില്‍ ജഡേജയും സാംസണും ടീമുകള്‍ മാറ്റുന്നതോടെ രണ്ട് പ്രമുഖ ഫ്രാഞ്ചൈസികളിലും നായകസ്ഥാനങ്ങളില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കാനാണ് സാധ്യത.