കഴിഞ്ഞ നാലു വര്‍ഷമായി താന്‍ അനുഭവിക്കുന്ന വിഷാദ രോഗത്തെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയ ഇറാ ഖാനെ കളിയാക്കി നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇലര്‍ക്കുള്ള മറുപടിയുമായി ഇറാ ഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിദ്വേഷ കമന്റുകളുടെ ക്രൂരത ബോധ്യപ്പെടുത്തിയാണ് ഇറ പുതിയ സന്ദേശവും പോസ്റ്റ് ചെയ്തിരിക്കുന്നത്.

രോഗത്തെക്കുറിച്ചുള്ള എന്റെ സന്ദേശത്തിനു ചുവട്ടില്‍ വിദ്വേഷ കമന്റിട്ടാല്‍ എനിക്കത് മായ്‌ക്കേണ്ടിവരും. വീണ്ടും അതുതന്നെ തുടര്‍ന്നാല്‍ അങ്ങനെയുള്ളവരെ ഒഴിവാക്കി എനിക്കു മുന്നോട്ടുപോകേണ്ടിവരും എന്നാണ് ഇറ ഖാന്റെ പുതിയ മുന്നറിയിപ്പ്. തന്റെ സന്ദേശത്തിനു താഴെ വിദ്വേഷ കമന്റുകള്‍ എഴുതിയവരുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണോ വേണ്ടയോ എന്നകാര്യത്തില്‍ ഇറ ഓണ്‍ലൈനില്‍ വോട്ടെടുപ്പും നടത്തിയിരുന്നു. വിദ്വേഷ കമന്റുകള്‍ തന്നെ ഒരു തരത്തിലും ബാധിക്കാറില്ലെന്നാണ് ഇറ പറയുന്നത്.
തന്റെ പോസ്റ്റുകള്‍ക്ക് ഹിന്ദി സബ് ടൈറ്റിലുകള്‍ വേണോ എന്ന വിഷയത്തിലും ഇറ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. 53 ശതമാനം പേര്‍ അനുകൂലമായാണ് പ്രതികരിച്ചത്.

ഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും എന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇറ പറഞ്ഞിരുന്നു.സംവിധാനത്തില്‍ താല്‍പര്യമുള്ള ഇറ ചില തിയറ്റര്‍ നാടകങ്ങള്‍ ഇതിനോടകം സംവിധാനം ചെയ്തിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയിലും താല്‍പര്യമുള്ള ഇറ മോഡലായും പേരുടെുത്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇറ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് ഒട്ടേറെ ആരാധകരുണ്ട്.