തെഹ്‌റാന്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രതികരിച്ച് ഇറാന്‍. വേഗത്തിലുള്ളതും ശക്തവുമായ തിരിച്ചടി നല്‍കാന്‍ ഇറാന്‍ സായുധ സേന സജ്ജമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന ഭീഷണി ആവര്‍ത്തിക്കുന്നതിനിടെയാണ് അതേനാണയത്തിലുള്ള ഇറാന്റെ മറുപടി.
”ഇറാനെതിരെ കര, കടല്‍, ആകാശം എന്നിങ്ങനെ ഏതുമാര്‍ഗത്തിലൂടെയുള്ള ആക്രമണത്തിനും ഉടനടി ശക്തമായി മറുപടി നല്‍കാന്‍ കാഞ്ചികളില്‍ വിരലമര്‍ത്തിക്കൊണ്ട് തന്നെ നമ്മുടെ ധീരരായ സായുധ സേന സജ്ജരായിക്കഴിഞ്ഞു”- അബ്ബാസ് അരാഗ്ചി ബുധനാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്.
പരസ്പരം പ്രയോജനകരമായ, നീതിയുക്തമായ ഒരു ആണവകരാറിനെ ഇറാന്‍ എല്ലായ്പ്പോഴും സ്വാഗതംചെയ്തിട്ടുണ്ട്. ഭീഷണിയില്ലാതെ, ബലപ്രയോഗങ്ങളില്ലാതെ തുല്യപരിഗണനയുള്ള കരാറാകണം. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം കരാറില്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്രാഈല്‍ നടത്തിയ ദിവസങ്ങളോളം നീണ്ടുനിന്ന സൈനിക ആക്രമണത്തില്‍ നിന്ന് ഇറാന്‍ വിലപ്പെട്ട പാഠങ്ങള്‍ പഠിച്ചുവെന്ന് അരാഗ്ചി പറഞ്ഞു. 12 ദിവസം നീണ്ടുനിന്ന അന്നത്തെ ആക്രമണത്തില്‍ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങള്‍, കൂടുതല്‍ ശക്തമായും ആഴത്തിലും പ്രതികരിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് വഴങ്ങിയില്ലെങ്കില്‍ സൈനിക നടപടി ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയ കപ്പല്‍ പടയാണ് ഇറാനെ നേരിടാന്‍ സജ്ജമാക്കിയതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.