അമേരിക്കയുമായുള്ള സംഘര്‍ഷം മുറുകുന്നതിനിടെ, തങ്ങളുടെ സൈനിക ശക്തി തുറന്നുകാട്ടി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് (IRGC) വിപുലമായ സൈനികാഭ്യാസം നടത്തി. രാജ്യത്തിന്റെ തെക്കന്‍ തീരങ്ങളില്‍ ഡ്രോണുകളും മിസൈല്‍ ലോഞ്ചറുകളുമടക്കമുള്ള യുദ്ധോപകരണങ്ങള്‍ നിരത്തി സൈനികാഭ്യാസ പ്രകടനം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരയില്‍ നിന്ന് കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകള്‍, റോക്കറ്റുകള്‍, പീരങ്കികള്‍, വിവിധതരം ഡ്രോണുകള്‍ എന്നിവ ഇറാന്‍ വിജയകരമായി പരീക്ഷിച്ചു.
അതേസമയം യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെയുള്ള യുദ്ധസന്നാഹങ്ങള്‍ എത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ വ്യാഴാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കും. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഉപരോധങ്ങളില്‍ ഇളവ് ലഭിക്കുന്നതിനായി ആണവ സമ്പുഷ്ടീകരണം കുറയ്ക്കാന്‍ യുഎസ് ആവശ്യപ്പെടുമ്പോഴും, ഏകപക്ഷീയമായ കരാറുകള്‍ക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാനുള്ളത്.