News

ഇറാന്‍-യുഎസ് തര്‍ക്കം: പശ്ചിമേഷ്യ യുദ്ധമുനമ്പിലോ?

By Lubna Sherin K P

January 23, 2026

ഇറാനിലേക്ക് കരുക്കള്‍ നീക്കി അമേരിക്ക. ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഈ മേഖലയിലേക്ക് വലിയ കപ്പല്‍പടയെ വിന്യസിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ സംഘത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഇറാനിലേക്ക് വലിയ ഫ്ളോട്ടില പോയിക്കൊണ്ടിരിക്കുകയാണെന്നും എന്താണ് സംഭവിക്കാന്‍ പോകുന്നുതെന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞു. ഇറാനെ വളരെ അടുത്ത് നിരീക്ഷിക്കാനാണ് തന്റെ ശ്രമമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ പ്രക്ഷോഭത്തിനിടയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭരണകൂടം നടത്തിയ അക്രമങ്ങള#ക്കെതിരെ ട്രംപ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെതത്തിയിരുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയാല്‍ ഇറാനില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഇറാനിലേക്ക് അടുത്ത ദിവസങ്ങളിലായി സൈനിക ഗ്രൂപ്പുകളടങ്ങിയ വിമാനം എത്തിച്ചേരുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പല്‍ അടക്കമുള്ളവ കഴിഞ്ഞ ആഴ്ച തന്നെ ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നും യാത്ര തിരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം പശ്ചിമേഷ്യയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നീങ്ങുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ ഇറാന്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇനിയൊരാക്രമണമുണ്ടായാല്‍ മുഴുവന്‍ കരുത്തുമെടുത്ത് തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.