Video Stories

ഇറാനി പോള

By Manya

February 22, 2026

ചേരുവകള്‍

എല്ലില്ലാത്ത ചിക്കന്‍ – 150 ഗ്രാം മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍ കശ്മീരി മുളകുപൊടി – 1 ടീ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍ സവാള – 2 പച്ചമുളക് – 2 ഗരം മസാല – 1/2 ടീ സ്പൂണ്‍ മൈദ – 1 കപ്പ് പാല്‍ – 1 കപ്പ് + 2 ടേബിള്‍ സ്പൂണ്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ -3/4 കപ്പ് കുരുമുളക് പൊടി – 1/2 ടീ സ്പൂണ്‍ ഉപ്പ് – പാകത്തിന് കറിവേപ്പില, മല്ലിയില -കുറച്ച് വീതം

തയാറാക്കുന്ന വിധം: ചിക്കന്‍ വൃത്തിയാക്കി കഷണങ്ങള്‍ ആക്കിയ ശേഷം അതിലേക്ക് അല്‍പം മഞ്ഞള്‍പ്പൊടി, കശ്മീരി മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി പുരട്ടി 30 മിനിറ്റ് വയ്ക്കണം.

പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ വറുത്തെടുക്കണം. തണുത്ത ശേഷം ഇവ ചെറിയ കഷണങ്ങളാക്കിയെടുക്കണം. ചിക്കന്‍ വറുത്ത അതേ എണ്ണയില്‍ തന്നെ സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കശ്മീരി മുളകുപൊടി, ഗരംമസാല, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റണം.

ഇതിലേക്ക് ചെറു കഷണങ്ങളാക്കിയ ചിക്കന്‍ ചേര്‍ത്ത് ഒന്നു വഴറ്റി ആവശ്യമെങ്കില്‍ ഉപ്പ് പാകത്തിന് ചേര്‍ത്ത് ഇളക്കിയ ശേഷം തീ ഓഫാക്കാം. മുട്ട, പാല്‍, അല്‍പം എണ്ണ, മൈദ, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പും എന്നിവ മിക്സിയില്‍ അടിച്ചെടുക്കുക. അടുപ്പത്ത് ഒരു തവ വെച്ച് അതിന്റെ മുകളില്‍ അടികട്ടിയുള്ള പാത്രം വെച്ച ശേഷം മുട്ടക്കുട്ടിന്റെ പകുതി ഒഴിച്ച് 3-4 മിനിറ്റ് മുടിവെച്ച് വേവിക്കുക.

ഇതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന ചിക്കന്‍ മസാല കൂട്ട് നല്ലതു പോലെ നിരത്തി വെച്ച് അതിനു മുകളില്‍ ബാക്കി മുട്ടക്കൂട്ട് ഒഴിക്കണം. ഇതിനു മുകളിലായി ചിക്കന്‍ കഷണങ്ങളോ കാപ്സിക്കമോ വെച്ച് അലങ്കരിച്ച് 20-25 മി നിറ്റ് മുടിവെച്ച് വേവിക്കണം. പോള തിരിച്ചിട്ട് 4-5 മിനിറ്റ് മറുവശവും വേവിച്ചാല്‍ ഇറാനി പോള തയാര്‍.