ന്യൂഡല്‍ഹി: ‘പ്രായം ചിലര്‍ക്ക് വെറും നമ്പര്‍ മാത്രം, വേറെ ചിലര്‍ക്ക് അത് പുറത്താകാനുള്ള കാരണവും’ എന്ന മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റിനെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്. ഇര്‍ഫാന്റെ നിലപാടിനോട് 10000000 ശതമാനം യോജിക്കുന്നുവെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ഇര്‍ഫാന്‍ പത്താന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ് ഹര്‍ഭജന്‍ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ ട്വിറ്ററില്‍ ഇത് പങ്കുവച്ചപ്പോള്‍ ഇതിന്റെ മുന നീളുന്നത് ആരിലേക്ക് എന്നതായിരുന്നു ചര്‍ച്ച. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോനിക്കെതിരായി ഇര്‍ഫാന്‍ പായിച്ച ഒളിയമ്പായിരുന്നു ഇതെന്നാണ് സൂചന. പ്രത്യേകിച്ച് കഴിഞ്ഞ കളിയിലെ ധോനിയുടെ മോശം പ്രകടനത്തിനു ശേഷമാണ് ഇര്‍ഫാന്‍ ഈ ട്വീറ്റ് നടത്തിയത് എന്നതു കൊണ്ട്.

മലയാളത്തില്‍ ഉള്‍പെടെയുള്ള കമന്റുകള്‍ ട്വീറ്റിനു താഴെ വന്നിട്ടരുന്നു. കഴിഞ്ഞ ദിവസം ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു. ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടരുന്നതിനായി ചെന്നൈക്കായിരുന്നില്ല. അവസാന ഓവറുകളില്‍ ധോനിയായിരുന്നു ക്രീസില്‍. എന്നാല്‍ ഫിനിഷര്‍ എന്ന പേര് അദ്ദേഹത്തിന് ഇന്നലെ അന്വര്‍ഥമാക്കാനായില്ല. അവസാന ഓവറില്‍ 28 റണ്‍സ് വേണ്ടിടത്ത് നേടിയത് 20 റണ്‍സ്. ഇതോടെ ചെന്നൈ ഏഴു റണ്‍സിന് തോറ്റു. ടീം തോറ്റു എന്നതിനപ്പുറം ധോനിയുടെ കഴിഞ്ഞ ദിവസത്തെ ശരീര ഭാഷ തന്നെ ക്ഷീണം പിടിച്ചതായിരുന്നു. ബാറ്റിങ്ങിനിടയില്‍ പലപ്പോഴും ക്ഷീണം പ്രകടിപ്പിച്ച ധോനി ഇടക്കിടെ കാല്‍മുട്ടിലൂന്നി നിന്ന് ചുമക്കുന്നത് കാണാമായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ് വന്നത്.