ഉപ്പള: മംഗള്‍പ്പാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം ഇര്‍ഫാന ഇക്ബാല്‍ തനിക്ക് ലഭിക്കുന്ന മുഴുവന്‍ ശമ്പളവും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ പിബി അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ ഡയാലിസിസ് യൂണിറ്റിന് നല്‍കാന്‍ തീരുമാനിച്ചു.

നിത്യവൃത്തിക്ക് വകയില്ലാതെ നിരവധി വൃക്കരോഗികളുള്ള മംഗല്‍പാടിയില്‍ ചെറിയ സംഖ്യ തങ്ങളുടെ സര്‍വീസ് ചാര്‍ജായി ആശുപത്രി അധികൃതര്‍ ഈടാക്കുന്നുണ്ട്. ഇത് പാവപ്പെട്ട രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് തന്റെ അഞ്ചു വര്‍ഷത്തെ ശമ്പളം ഡയാലിസിസ് രോഗികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ജനപ്രതിനിധികള്‍ കഴിയുമെങ്കില്‍ ഇത്തരം രോഗികള്‍ക്ക് ആശ്വാസമായാല്‍ ഭാവിയില്‍ കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ ഈ ആശുപത്രിയില്‍ കഴിയുമെന്നും ഇര്‍ഫാന ഇഖ്ബാല്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് കെഎഫ് ഇത്ബാലിന്റെ ഭാര്യയാണ് ഇര്‍ഫാന.