kerala

മൂതിക്കയത്ത് പുഴയിലേക്ക് ലോറിയിറക്കാൻ ഇരുമ്പ് ഫാക്ടറി മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ‌ രംഗത്ത്

By webdesk17

March 03, 2026

കൊപ്പം : തിരുവേഗപ്പുറ മൂതിക്കയം റെഗുലേറ്റർ- കം- ബ്രിഡ്ജ് പദ്ധതി പ്രദേശത്തെ പുഴയിലേക്ക് ലോറിയിറക്കുന്നതിനായി ഫാക്ടറി മാലിന്യം തള്ളിയതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പദ്ധതി പ്രദേശത്തു നിന്ന്‌ മണ്ണും മണലും നീക്കുന്നതിന്റെ ഭാഗമായി ലോറികൾക്ക് സുഗമമായി പുഴയിലേക്കിറങ്ങാനാണ് ഫാക്ടറിയിൽ നിന്നുള്ള ഇരുമ്പ്‌ മാലിന്യം ഉൾപ്പെടെയുള്ളവ തള്ളി റോഡ് പോലെയാക്കി മാറ്റിയതെന്നാണ് ആക്ഷേപം. കുടിവെള്ള സ്രോതസ്സായ പുഴയിൽ ഈ മാലിന്യം തള്ളിയത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

മൂതിക്കയം, പാല കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വ്യാഴാഴ്ച രാവിലെ നാട്ടുകാർ പ്രതിഷേധിച്ചത്. ഇവിടേക്കെത്തിയ ലോറികൾ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

തുടർന്ന് കൊളത്തൂർ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി ചർച്ച നടത്തി. മാലിന്യം പുഴയിൽനിന്ന് ഉടൻ നീക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. പുഴയിൽ മാലിന്യം തള്ളിയവർക്കെതിരേ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന് പാലംകൂട്ടായ്മ പ്രവർത്തകരായ നാസർ പുഴക്കൽ, ഷാക്കിർ കീഴ്‌മുറി, ഷരീഫ്, റഷീദ്, അബ്ബാസ് വാതുകാട്ടിൽ തുടങ്ങിയവർ നേതൃത്വംനൽകി. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി മാലിന്യത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു.

തിരുവേഗപ്പുറ പഞ്ചായത്തിനെയും മൂർക്കനാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തൂതപ്പുഴയ്ക്ക് കുറുകേ നിർമിച്ച മൂതിക്കയം റെഗുലേറ്റർ പദ്ധതി പ്രദേശത്തുനിന്നാണ് മണ്ണുംമണലും നീക്കുന്നത്. ആഴ്ചകൾക്കുമുൻപുതന്നെ ഇതിന്റെ പണി തുടങ്ങിയിരുന്നു. നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെയാണ് മണൽനീക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് പണി നടക്കുന്നത്.