ഡോ.പി എ ജലീല്‍ വയനാട്
പെണ്‍വിഷയങ്ങളും ലൈംഗിക പീഡനങ്ങളും അമേരിക്കയില്‍ പുതിയ കാര്യമല്ല. തോമസ് ജെഫേഴ്സണ്‍ മുതല്‍ ഇങ്ങോട്ട് ക്ലിന്റനും ട്രംപും അടക്കം ഏതാണ്ട് എല്ലാവരും ഈ വിഷയം കൈകാര്യം ചെയ്തത് നോക്കിയാല്‍ ഇത് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. ഭരണഘടനാ ശില്‍പിയായ ജെഫേഴ്സണ്‍ ഒരിക്കല്‍ പത്രക്കാരാല്‍ വളയപ്പെട്ടു. നിങ്ങള്‍ക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നും ആളുകള്‍ പറയുന്നു, എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍ ജെഫേഴ്സണ്‍ പറഞ്ഞ മറുപടിയാണ് രസം, നിങ്ങള്‍ എന്നെ അപമാനിക്കരുത്, എനിക്ക് നിങ്ങള്‍ പറഞ്ഞ ബന്ധത്തില്‍ ഒരു കുട്ടിയല്ല; രണ്ട് കുട്ടികള്‍ ഉണ്ട് എന്നാണ്. ക്ലിന്റണ്‍ തന്റെ ഓഫീസ് ജീവനക്കാരി മോണിക്ക ലെവന്‍സ്‌കിയുമായുള്ള വഴിവിട്ട ബന്ധമായിരുന്നില്ല അമേരിക്കന്‍ കോടതിയില്‍ ചര്‍ച്ചയായത് മറിച്ച് ബന്ധം മറക്കാന്‍ നുണ പറഞ്ഞു എന്നതാണ്. എന്നാല്‍ പുതിയ വിവാദം കേവലം ബാല ലൈംഗിക പീഡനത്തെ കുറിച്ച് മാത്ര മല്ല, അന്തര്‍ദേശീയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്നുള്ളതാണ് വസ്തുത.
2008 ല്‍ വിചാരണ നേരിടുകയും 2019 ല്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത ബാല ലൈംഗിക പീഡകനും രാഷ്ട്രീയ ദല്ലാളുമായ ജെഫ്രി എഫ്സ്റ്റീനുമായി ബന്ധപ്പെട്ടാണ് അമേരിക്കയില്‍ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. എഫ്സ്റ്റീന്‍ രേഖകള്‍ പുറത്ത് വിടണമെന്ന് വര്‍ഷങ്ങളായുള്ള മുറവിളിയാണ് ഇപ്പോള്‍ കത്തി നില്‍ക്കുന്നത്. ട്രംപ് ക്യാമ്പില്‍ നിന്ന് തന്നെ ഇങ്ങനെ ഒരാവശ്യം ഉയര്‍ന്ന് വരികയും, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (MAGA) ക്യാമ്പ് ഇത് ഏറ്റുപിടിക്കുകയും 30 ദിവസത്തിനുള്ളില്‍ വിവാദ ഫയലുകള്‍ പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രാഷ്ട്രത്തലവന്മാരും വിവാദത്തില്‍ അകപ്പെടുന്നത്. ജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക കുറ്റവാളി മാത്രമല്ല, മറിച്ച് പല രാഷ്ട്രത്തലവന്മാരെയും അമേരിക്കയുടെയും അതുവഴി ഇസ്രാഈല്‍ രാഷ്ട്ര പക്ഷക്കാരാക്കാനും കൂട്ടുനിന്ന ഒരു രാഷ്ട്രീയ ദല്ലാള്‍ കൂടിയാണെന്നാണ് പുറത്ത് വരുന്ന രേഖകള്‍ പറയുന്നത്. നെറ്റ്ഫ്ലിക്സിലെ ഒരു ഡോക്യുമെന്ററിയില്‍ ഫില്‍ത്തി റിച്ച്മാന്‍ ആയി ജെഫ്രി എഫ്സ്റ്റീന്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
എഫ്സ്റ്റീന്റെ അടുത്ത കൂട്ടുകാരിയായ ഗില്ലിയന്‍ മാക്സ് വെല്ലും എഫ്സ്റ്റീനും കൂടി നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളും ബാല പീഡനങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നത് പലവഴികളിലൂടെയുമാണ്. ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട വിക്ടോറിയ എന്നൊരു യുവതി തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയ പീഡനകഥകളിലെ വില്ലന്‍ ഒരു പ്രധാനമന്ത്രിയാണെന്നും അത് യഹൂദ് ബരാക് എന്ന ഇസ്രാഈല്‍ പ്രധാനമന്ത്രിയാണെന്നും പറയപ്പെടുന്നു. മുറിവേറ്റുചോരയൊലിക്കുന്ന ഇരയേകാണുമ്പോള്‍ കൂടുതല്‍ ത്രില്ലടിച്ച് ഉന്മത്തനായി അയാള്‍ തന്നെ ഉപയോഗിച്ചുവെന്ന് അവര്‍ വെളിപ്പെടുത്തുന്നു. പല നയതന്ത്ര രേഖകളും അടങ്ങിയ രഹസ്യ രേഖകളില്‍ ഇന്ത്യന്‍ പെട്രോളിയം മന്ത്രി ഹര്‍ദീപ്സിംഗ് പുരിയും അനില്‍ അംബാനിയും മറ്റും ഉണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും തെളിയിക്കപ്പെട്ട രേഖകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. നരേന്ദ്രമോദിയുടെ ഖസാകിസ്താന്‍ സന്ദര്‍ശന സമയത്ത് ട്രംപിന്റെ സ്വന്തക്കാരനും നയതന്ത്രജ്ഞനുമായ സ്റ്റീവ് ബന്നോന്‍ മോദിയെ എപ്സ്റ്റീനുമായി ഒരു മീറ്റ് അപ്പിന് ക്ഷണിക്കുകയും ചൈന ഇല്ലെങ്കില്‍ ഇന്ത്യയെങ്കിലും നമുക്കൊപ്പമാകണമെന്ന് നിര്‍ബന്ധിച്ചു എന്നും പറയപ്പെടുന്നുണ്ട്.
ജെഫ്രി എഫ്സ്റ്റീന്‍ ശരിക്കും ആരാണ് എന്ന ചോദ്യം ഇവിടെ വീണ്ടും ഉയരുകയാണ്. ഇയാള്‍ ഒരു ലൈംഗിക പീഡകനായ സൈക്കോപാത്ത് മാത്രമാണോ, മറിച്ച് ഇസ്രാഈലിന് വേണ്ടി ചാരപ്പണിഎടുക്കുന്ന മൊസാദ് ഏജന്റാണോ എന്നത് വളരെ പ്രസക്തമാണ്. ഇതിനെ ശരിവെക്കുന്ന തെളിവുകളില്‍ പ്രധാനപ്പെട്ടതാണ് ഇനി പറയുന്നത്, അഥവാ ജോണ്‍ ജെ മെര്‍ഷീമര്‍ (ചിക്കാഗോ യൂണിവേഴ്സിറ്റി) , സ്റ്റീവന്‍ എം വാള്‍ട്ട് (ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി) എന്നിവര്‍ അമേരിക്കന്‍ നയതന്ത്രത്തെ സ്വാധീനിക്കുന്ന ബുദ്ധിജീവികള്‍ ആണ്. ഇവര്‍ കൂട്ടായി എഴുതിയ പുസ്തകത്തില്‍ (ഇസ്രാഈല്‍ ലോബി ആന്റ് യു.എസ് ഫോറിന്‍ പോളിസി)എങ്ങിനെ ഇസ്രാഈല്‍ അമേരിക്കയേ വരുതിയില്‍ ആക്കുന്നു എന്ന് പറയുന്നുണ്ട്. ഈ പുസ്തകം വെളിച്ചം കാണാതിരിക്കാന്‍ എഫ്സ്റ്റീന്‍ എല്ലാ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നെന്നും പറയപ്പെടുന്നു.
ചുരുക്കത്തില്‍ അമേരിക്കയെ ലോകത്തിന് മുന്നില്‍ നിര്‍ത്തി ആ അമേരിക്കയെ ഇസ്രാഈലിന്റെ കടിഞ്ഞാണില്‍ നിര്‍ത്തുവാനുമുള്ള ഒരു നിഗൂഢ നയതന്ത്ര ചരട് വലിയാണ് നടന്നതെന്നത് വ്യക്തമാണ്. 1990 ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം വരെ ഇസ്രാഈല്‍ സമ്മര്‍ദമായിരുന്നുവെന്ന് ഒരിടത്ത് ജോര്‍ജ് ഡബ്ല്യൂ ബുഷ് തുറന്നു പറയുന്നുണ്ട്. കുറ്റകൃത്യം മറയാക്കി രാഷ്ട്രങ്ങളെ അമേരിക്കന്‍/ ഇസ്രാഈല്‍ പാളയത്തില്‍ എത്തിക്കാനുള്ള ഒരു ബ്ലാക്മെയില്‍ ഏജന്റ് ആണ് ജെഫ്രി എഫ്സ്റ്റീന്‍ എന്നും നയതന്ത്ര മേഖലയില്‍ രേഖകള്‍ ചോര്‍ത്താന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പണ്ടേ ഉപയോഗിച്ച് വരുന്ന രീതിയാണിതെന്നും അനുമാനിക്കാം. ഇലോണ്‍ മാസ്‌കും, ട്രംപും, ക്ലിന്റണും അംബാനിയുമൊക്കെ പട്ടികയിലുണ്ടെന്ന് പറയുന്നുവെങ്കിലും ലോകം ആദരിക്കുന്ന ചിന്തകന്‍ നോംചോംസ്‌കി ഇയാളുടെ പട്ടികയില്‍ ഉണ്ടെന്ന് പറയുമ്പോള്‍ നയതന്ത്രജ്ഞനോ വലിയ സാമ്പത്തിക സ്രോതസിനുടമയോ അല്ലാത്ത അദ്ദേഹത്തിനെ ട്രാപ്പിലാക്കുന്നത്കൊണ്ട് മൊസാദിനെതിരെയുള്ള ശബ്ദം ഇല്ലാതാക്കുക എന്ന ലക്ഷ്യം മാത്രമാണെന്ന് അനുമാനിക്കാം. മൊസാദിന്റെ ഈ ബ്ലാക്ക്മെയില്‍ ഓപറേഷനില്‍ മറ്റ് നോബേല്‍ ജേതാക്കളും ഓസ്‌കാര്‍ വിന്നേഴ്സും ഉള്‍പ്പടെ ആരൊക്കെ അയാളുടെ സ്വാകാര്യ ദ്വീപായ ലിറ്റില്‍ സെയിന്റ് ജെയിംസ് സന്ദര്‍ശിച്ചുവെന്ന് കാത്തിരുന്ന് കാണാം.