ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പി അദ്ദേഹത്തിന്റെ മകള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മടക്കം. ബി.ജെ.പി കഴിഞ്ഞ ദിവസം ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. അതില്‍ കൃഷ്ണയുടെ മകളുടെ പേരില്ലായിരുന്നു. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് കൃഷ്ണ നേതാക്കളുമായി ചര്‍ച്ച നടത്തിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ണാടകയിലെ മുതിര്‍ന്ന നേതാവായ എസ്.എം കൃഷ്ണ ഒരു വര്‍ഷം മുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി അദ്ദേഹത്തിന് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നും അതില്‍ അദ്ദേഹം ദുഃഖിതനാണെന്നും ഒരു മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡോ. ജി പരമേശ്വര പറഞ്ഞു. വിഷയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൂടി താല്‍പര്യമുണ്ടെങ്കില്‍ എസ്.എം കൃഷ്ണ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് എസ്.എം കൃഷ്ണ ബി.ജെ.പിയല്‍ ചേര്‍ന്നത്. എന്നാല്‍ ബി.ജെ.പി അദ്ദേഹത്തിന് യാതൊരു പരിഗണനയും നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.