തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍. സമുദായ പ്രീണനത്തിനായി കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ബലികഴിക്കുന്നുവെന്നും, ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രീതിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുവിനേക്കാള്‍ വലിയവനാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളെ സച്ചിദാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം ‘സന്ധികള്‍’ പാര്‍ട്ടികളെ പിന്നോട്ടടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജനാധിപത്യത്തില്‍ ഭരണമാറ്റമാണ് ആരോഗ്യകരമെന്നും ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് താനിത് പറയുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഭരണം തുടരുന്നത് അധികാര കേന്ദ്രീകരണത്തിനും പാര്‍ട്ടിയിലേക്കുള്ള സ്വാര്‍ത്ഥ താത്പര്യക്കാരുടെ കടന്നുകയറ്റത്തിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ മധ്യവര്‍ഗത്തെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി.
‘ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് ആശയപരമായ പിന്തുടര്‍ച്ചയാണ്. അതിന് പകരം ഗുരുവിനെക്കാള്‍ മഹാനാണ് മറ്റൊരാളെന്ന് പറയേണ്ടി വരുന്നത് കേരളീയര്‍ക്ക് അപമാനമാണ്.’ – കെ. സച്ചിദാനന്ദന്‍ വ്യക്തമാക്കി.