Connect with us

Football

ഐ.എസ്.എല്‍: മുംബൈ സിറ്റിയോടും തകര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ്‌

നികോസ് കരേലിസ് (9, 55 പെനാൽറ്റി), നേതൻ ആഷർ (75), ചാങ്തെ (90 പെനാൽറ്റി) എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ.

Published

on

എവെ ഗ്രൗണ്ടിൽ മുംബൈ സിറ്റിക്കെതിരെ പൊരുതിവീണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. നികോസ് കരേലിസ് (9, 55 ), നേതൻ ആഷർ (75), ചാങ്തെ (90 പെനാൽറ്റി) എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ.

ബ്ലാസ്റ്റേഴ്സിനായി ഹെസൂസ് ഹിമെനെയും (57 പെനാല്‍റ്റി), ക്വാമി പെപ്രയും (71) ലക്ഷ്യം കണ്ടു. സീസണിലെ മൂന്നാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായി. എട്ടു പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. രണ്ടാം വിജയം നേടിയ മുംബൈ ഒൻപതു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് മുംബൈ ഗോൾ കണ്ടെത്തിയത്. നികോസ് കരേലിസിന്റെ ഒൻപതാം മിനിറ്റിലെ ഗോളിനു മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ മുഴുവൻ പൊരുതിയെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് മുംബൈക്ക്‌ അനുകൂലമായി പെനാൽറ്റി വിധിച്ചത്. കോർണര്‍ തടയാനുള്ള ശ്രമത്തിനിടെ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് മുംബൈ താരത്തിന്റെ ഷോട്ട് ക്വാമി പെപ്രയുടെ കയ്യിൽ തട്ടിയതിനായിരുന്നു നടപടി.

ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂട്ടായി വാദിച്ചുനോക്കിയെങ്കിലും റഫറി പെനാൽറ്റിയെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. കരേലിസ് പിഴവുകളില്ലാതെ ഷോട്ട് വലയിലെത്തിച്ചതോടെ സ്കോർ 2–0. എന്നാൽ തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ഇതേ രീതിയിൽ മറുപടി നൽകി.
മുംബൈ ബോക്സിലേക്ക് പന്തുമായി കുതിച്ച ക്വാമി പെപ്രയെ മുംബൈ പ്രതിരോധ താരം ഫൗൾ ചെയ്തുവീഴ്ത്തി. തൊട്ടുപിന്നാലെ റഫറി പെനാൽറ്റി വിസിലൂതി. 57–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം ഹെസൂസ് ഹിമെനെ മുംബൈ ഗോളി ഫുര്‍ബ ലചെൻപയ്ക്ക് സാധ്യതകൾ നൽകാതെ ഷോട്ട് വലയിലെത്തിച്ചു.

Football

റയലിന് ഞെട്ടിക്കുന്ന തോല്‍വി; വീണ്ടും പെനാല്‍റ്റി മിസ്സാക്കി സൂപ്പര്‍ താരം എംബാപ്പെ

16 മത്സരങ്ങളില്‍ നിന്നും 27 പോയന്റുള്ള ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തന്നെതുടരുന്നു

Published

on

ലാലിഗയില്‍ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി . അത്‌ലറ്റിക് ക്ലബ്ലിനോട് ആണ് ആഞ്ചലോട്ടിയുടെ സംഘം പരാജയപ്പെട്ടത്. ലാലിഗയിലെ തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ക്ക് ശേഷമാണ് റയല്‍ 2-1ന്റെ തോല്‍വി ഏറ്റുവാങ്ങിയത്. 2015 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് അത്‌ലറ്റിക് ക്ലബ് ലാലിഗയില്‍ റയലിനെ തോല്‍പ്പിക്കുന്നത്.

53ാം മിനുറ്റില്‍ അലഹാണ്ട്രോ ബെറന്‍ഗ്വറിലേൂടെ അത്ലറ്റിക് ക്ലബാണ് മുന്നിലെത്തിയത്. എന്നാല്‍ 68ാം മിനുറ്റില്‍ അന്റോണിയോ റൂഡിഗറിനെ ഫൗള്‍ ചെയ്തതിന് റയലിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. എന്നാല്‍ കിക്കെടുത്ത എംബാപ്പെക്ക് പിഴച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരായ മത്സരത്തിലും എംബാപ്പെ പെനല്‍റ്റി പാഴാക്കിയിരുന്നു. 78ാം മിനുറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയല്‍ ഒപ്പമെത്തിയെങ്കിലും വെറും രണ്ട് മിനുറ്റുകള്‍ക്ക് ശേഷം അത്ലറ്റിക് ക്ലബ് സമനില പിടിക്കുകയായിരുന്നു.

റയല്‍ പ്രതിരോധതാരം ഫെഡറിക്കോ വാല്‍വെര്‍ഡെയുടെ പിഴവില്‍ നിന്നായിരുന്നു അത്!ലറ്റിക്കിന്റെ രണ്ടാം ഗോള്‍ പിറന്നത്. തോല്‍വിയോടെ 15 മത്സരങ്ങളില്‍ നിന്നും 33 പോയന്റുമായി റയല്‍ രണ്ടാമതാണ്. 16 മത്സരങ്ങളില്‍ നിന്നും 27 പോയന്റുള്ള ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തന്നെതുടരുന്നു. 16 മത്സരങ്ങളില്‍ 29 പോയന്റുള്ള അത്‌ലറ്റിക് ക്ലബ് നാലാം സ്ഥാനത്താണ്.

Continue Reading

Football

അവസാനം സിറ്റി വിജയിച്ചു; നോട്ടിങ്ഹാം ഫോറസ്റ്റിന്റെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി

ഏതാണ്ട് ഒന്നരമാസത്തോളമായി ജയമെന്തെന്ന് അറിയാതെ മുന്നേറിയ പെപ്പിന്റെ സംഘത്തിന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്നലെ ആശ്വാസത്തിന്റെ ദിനം കൂടിയായിരുന്നു.

Published

on

തുടർച്ചയായ ഏഴു തോല്‍വികള്‍ക്ക്‌ ശേഷം എട്ടാം മത്സരത്തിൽ ജയത്തോടെ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് സിറ്റി കീഴടക്കിയത്. ബെർണാഡോ സിൽവ, കെവിൻ ഡിബ്ര്യൂയിൻ, ജെറമി ഡോക്കു എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. ഏതാണ്ട് ഒന്നരമാസത്തോളമായി ജയമെന്തെന്ന് അറിയാതെ മുന്നേറിയ പെപ്പിന്റെ സംഘത്തിന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്നലെ ആശ്വാസത്തിന്റെ ദിനം കൂടിയായിരുന്നു.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ബെർണാഡോ ഡി സിൽവയാണ് ആദ്യ ​ഗോൾ നേടിയത്. 31-ാം മിനിറ്റിൽ കെവിൻ ഡി ബ്രുയ്ൻ ​​ഗോൾ നേട്ടം രണ്ടാക്കി. രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ ജെറമി ഡോക്കുവിന്റെ ​ഗോൾ കൂടിയായതോടെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യപരമായ വിജയം ഉറപ്പിച്ചു. 14 കളിയിൽ നിന്ന് 26 പോയിന്‍റോടെ ടേബിളിൽ നാലാമതാണ് സിറ്റി.
മറ്റൊരു മത്സരത്തിൽ ആഴ്സണൽ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി. 54-ാം മിനിറ്റിൽ ജൂറിയൻ ടിമ്പർ, 73-ാം മിനിറ്റിൽ വില്യം സാലിബ എന്നിവരാണ് ​ഗണ്ണേഴ്സിനായി ​ഗോളുകൾ നേടിയത്. സതാംപ്ടണിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തി ചെൽസിയും വിജയം ആഘോഷിച്ചു. ന്യൂകാസിലും ലിവർപൂളും തമ്മിലുള്ള മത്സരം ഇരുടീമുകളും മൂന്ന് ​ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

Football

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐസ്വാള്‍ എഫ്സി

നിലവില്‍ ഓരോ ജയവും സമനിലയുമായി നാല് വീതം പോയിന്റാണ് ഇരുടീമിനുമുള്ളത്.

Published

on

ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി ഇന്ന് ഐസ്വാള്‍ എഫ്സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. നിലവില്‍ ഓരോ ജയവും സമനിലയുമായി നാല് വീതം പോയിന്റാണ് ഇരുടീമിനുമുള്ളത്. സ്വന്തം തട്ടകത്തിലെ ആദ്യമത്സരമാണ്.

ശ്രീനിധി ഡെക്കാനെ 3:2ന് തോല്‍പ്പിച്ചാണ് സീസണ്‍ തുടങ്ങിയത്. റിയല്‍ കശ്മീരുമായി 1-1 സമനില. മലയാളിതാരം വി.പി സുഹൈര്‍, ഉറുഗ്വേ താരം മാര്‍ട്ടിന്‍ ഷാവേസ് തുടങ്ങിയവരുള്ള മുന്നേറ്റ നിരയാണ് ഗോകുലത്തിന്റെ കരുത്ത്. ഗോളടിക്കുന്നതിനൊപ്പം ഗോള്‍ വഴങ്ങുന്നു എന്നതാണ് പ്രധാന വെല്ലുവിളി.

‘ആരാധകര്‍ക്കുമുന്നിലെ ആദ്യമത്സരമാണ്. മികച്ച കളി അനുഭവത്തിനൊപ്പം വിജയവും സമ്മാനിക്കും’- ഗോകുലത്തിന്റെ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ റുവേഡ പറഞ്ഞു. ആരാധകരുടെ വലിയ പിന്തുണ കരുത്താകുമെന്ന് വി പി സുഹൈറും പറഞ്ഞു. ‘മിസോറമില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ കാലാവസ്ഥയില്‍ കളിക്കുകയെന്നത് വെല്ലുവിളിയാണ്. എങ്കിലും മുഴുവന്‍ കഴിവും പുറത്തെടുത്ത് വിജയം നേടും’– ഐസ്വാള്‍ കോച്ച് വിക്ടര്‍ പറഞ്ഞു. ഗ്യാലറിയില്‍ വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്. 50 രൂപയാണ് ഗ്യാലറി ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 30 രൂപ.

 

Continue Reading

Trending