ന്യൂഡല്‍ഹി: ഐഎസ്എല്‍ പ്രതിസന്ധിയില്‍ ഫിഫ ഇടപെടണമെന്ന് ഇന്ത്യന്‍ ഫുട്ബാളിലെ സൂപ്പര്‍ താരങ്ങള്‍. ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം സുനില്‍ ഛേത്രി, ദേശീയ താരങ്ങളായ ഗുര്‍പ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാന്‍, മന്‍വീര്‍ സിങ്, രാഹുല്‍ ഭേകെ ഉള്‍പ്പെടെ താരങ്ങളാണ് തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ഫുട്ബാളിനെ രക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.
ഇന്ത്യന്‍ ഫുട്ബാളിനെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ കെടുകാരസ്ഥതതക്കും നിസ്സഹായതക്കുമെതിരെ ഫിഫ അടിയന്തരമായി ഇടപെടണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. ഗുര്‍പ്രീത് സിംഗാണ് വീഡിയോയുമായി ആദ്യം വന്നത്. ‘ഇത് ജനുവരി മാസം. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മത്സരങ്ങളുമായി ഞങ്ങള്‍ നിങ്ങളുടെ സ്‌ക്രീനുകള്‍ നിറയേണ്ട സമയം..’ എന്നദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
ഭയവും നിരാശയംകൊണ്ട് എന്തെങ്കിലും ഉറക്കെ പറയാന്‍ പോലും ഞങ്ങള്‍ക്ക് കഴിയാതായിരിക്കുന്നുവെന്ന് ഐ.എസ്.എല്‍ മുടക്കത്തിലൂടെ കളിക്കാര്‍ നേരിടുന്ന പ്രതിസന്ധിയും അനിശ്ചിതത്വവും വ്യക്താമക്കികൊണ്ട് സന്ദേശ് ജിങ്കാന്‍ പറയുന്നു. പരിഹാരമില്ലാതെ തുടരുന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിച്ച്, കളിക്കാര്‍, ജീവനക്കാര്‍, ഉടമകള്‍, ആരാധകര്‍ എന്നിവര്‍ വ്യക്തതയും സംരക്ഷണവും ഫുട്ബാളിന്റെ ഭാവിയും ഉറപ്പാക്കണമെന്ന് സുനില്‍ ഛേത്രിയും വീഡിയോയില്‍ ആവശ്യപ്പെട്ടു.
‘ഏറ്റവും സുപ്രധാനമായ ഒരു അഭ്യര്‍ഥനയുമായാണ് ഞങ്ങള്‍ എത്തുന്നത്. ഇന്ത്യന്‍ ഫുട്ബാള്‍ അധികൃതര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയുന്നില്ല. ഫുട്ബാള്‍ പൂര്‍ണമായ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുയാണ്. അതില്‍ നിന്നും രക്ഷപ്പെടുത്താനുള്ള അവസാന ശ്രമമാണിത്. അതിനാല്‍ അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷനായ ഫിഫ ഇടപെട്ട് ഇന്ത്യന്‍ ഫുട്ബാളിനെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. സൂറിച്ചിലെ അധികാരികളിലേക്ക് ഈ സന്ദേശം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഞങ്ങളുടെ ആഹ്വാനം രാഷ്ട്രീയ പരമല്ല. ഒരു ഏറ്റുമുട്ടലുമല്ല. പക്ഷേ, അനിവാര്യമായ അഭ്യര്‍ഥനയാണ്. ഇത് വലിയ ശബ്ദമായി തോന്നിയേക്കാം, പക്ഷേ, ഒരു മാനുഷിക, കായിക, സാമ്പത്തിക പ്രതിസന്ധിയുടെ മുഖത്താണ് ഞങ്ങള്‍. അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. ദയവായി സഹായിക്കൂ’ -വിവിധ താരങ്ങള്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇന്ത്യയിലെയും ലോകഫുട്ബാളിലെയും അധികൃതരിലേക്കും ആരാധകരിലേക്ക് മുനയുള്ള ചോദ്യങ്ങള്‍ എറിയുന്നു.
പത്തുവര്‍ഷമായി ലീഗിന്റെ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് (എഫ്.എസ്.ഡി.എല്‍) മാസ്റ്റര്‍ റൈറ്റ്‌സ് കരാര്‍ കാലാവധി കഴിഞ്ഞതോടെയാണ് ഐ.എസ്.എല്‍ പ്രതിസന്ധിയിലായത്. പുതിയ കരാറുകാരെ കണ്ടെത്താന്‍ ഫെഡറേഷന് കഴിയാതായതോടെ സീസണ്‍ കിക്കോഫ് അനിശ്ചിതമായി വൈകി. ഇതിനകം തന്നെ വിവിധ ക്ലബുകള്‍ വിദേശ താരങ്ങളെ ഒഴിവാക്കുകയും, പരിശീലനം നിര്‍ത്തിവെക്കുകയും ചെയ്ത അവസ്ഥയിലാണ്.
വാണിജ്യ പങ്കാളിയെ കണ്ടെത്താന്‍ എ.ഐ.എഫ്.എഫ് നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഈ സാഹചര്യത്തില്‍ ഫെഡറേഷന്‍തന്നെ നേരിട്ട് രംഗത്തിറങ്ങി മത്സരങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
2025-26 സീസണില്‍ ഹോം-എവേ മത്സരങ്ങളില്ലാതെ രണ്ടോ മൂന്നോ വേദികള്‍ കേന്ദ്രീകരിച്ച് ടുര്‍ണമെന്റ് നടത്താനാണ് താല്‍കാലിക ധാരണ. അതേസമയം, ഫെബ്രുവരി അഞ്ചിന് ഐ.എസ്.എല്‍ തുടങ്ങുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തീയതികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.