വിശാഖപ്പട്ടണം: പ്രതീക്ഷിക്കപ്പെട്ടത് പോലെ തന്നെ… ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം പതിപ്പിലെ കിരീട പോരാട്ടം മഹേന്ദ്രസിംഗ് ധോണിയും രോഹിത് ശര്‍മ്മയും തമ്മില്‍. അഥവാ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍. ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന രണ്ടാം എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് കരസ്ഥമാക്കിയ 147 റണ്‍സ് എന്ന ലക്ഷ്യം ഫാസ് ഡുപ്ലസിയെന്ന (50) ദക്ഷിണാഫ്രിക്കന്‍ ഓപ്പണറുടെ മെയ് വഴക്കത്തിലും ഷെയിന്‍ വാട്ട്‌സണ്‍ (50) എന്ന ഓസ്‌ട്രേലിയക്കാരന്റെ വേഗതയിലും ചെന്നൈ മറികടന്നു. ഞായറാഴ്ച്ച ഹൈദരാബാദിലെ രാജിവ് ഗാന്ധി സ്‌റ്റേഡിത്തിലാണ് കലാശപ്പോരാട്ടം. മുംബൈയോട് ഇതിനകം മൂന്ന് മല്‍സരങ്ങളില്‍ തോറ്റവരാണ് ചെന്നൈ. ഫസ്റ്റ് എലിമിനേറ്ററില്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ഇന്നലെ അവര്‍ ഡല്‍ഹിയുമായി കളിക്കേണ്ടി വന്നത്.
ഡല്‍ഹി ഇന്നിംഗ്‌സില്‍ ആരും പൊരുതിയില്ല. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ റിഷാഭ് പന്ത് മാത്രമാണ് ചെറിയ വെല്ലുവിളി ഉയര്‍ത്തിയത്. 25 പന്തില്‍ 38 റണ്‍സാണ് അദ്ദേഹം നേടിയത്. പതിവ് പോലെ കൂറ്റനടികള്‍ക്ക്് മുതിരാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. ഓപ്പണര്‍ പ്രിഥ്‌വി ഷാ അഞ്ചില്‍ മടങ്ങിയത് മുതല്‍ ആരംഭിച്ച കൊഴിച്ചില്‍ അതിവേഗതയിലായിരുന്നു. ധവാന്‍ (18), കോളിന്‍ മണ്‍റോ (27), നായകന്‍ ശ്രേയാസ് അയ്യര്‍ (13), അക്‌സര്‍ പട്ടേല്‍ (3) റുഥര്‍ ഫോര്‍ഡ് (10) കീമോ പോള്‍ (3) എന്നിവരെല്ലാം വേഗത്തില്‍ പുറത്തായി. അവസാന ഓവറില്‍ വന്ന ഇഷാന്ത് ശര്‍മ മൂന്ന് പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഒരു സിക്‌സറും ഒരു ബൗണ്ടറിയുമായി ഇഷാന്ത് പത്ത് റണ്‍സ് നേടിയതോടെയാണ് സ്‌ക്കോര്‍ 140 കടന്നത്. ചെന്നൈ ബൗളര്‍മാരില്‍ എല്ലാവരും മികവ് കാട്ടി. ദീപക് ചാഹര്‍, ഹര്‍ഭജന്‍സിംഗ്, രവീന്ദു ജഡേജ, ഡ്വിന്‍ ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.പതുക്കെ തുടങ്ങിയ ചെന്നൈ ഓപ്പണര്‍മാരായ ഡുപ്ലസിയും ഷെയിന്‍ വാട്ട്‌സണും പിന്നെ കത്തികയറുകയായിരുന്നു. സുന്ദരമായ ഏഴ് ബൗണ്ടറികളിലുടെ ഡുപ്ലസിയാണ് ആദ്യം 50 ല്‍ എത്തിയത്. ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ അദ്ദേഹം ഉടന്‍ പുറത്താവുകയും ചെയ്തു. 32 പന്തുകള്‍ നേരിട്ട വാട്ട്‌സണ്‍ നാല് തവണ പന്തിനെ ഗ്യാലറിയിലെത്തിച്ചു. മൂന്ന് ബൗണ്ടറികളും. 50 ല്‍ അദ്ദേഹവും പുറത്തായി. വാട്ട്‌സണ്‍ പുറത്താവുമ്പോള്‍ സ്‌ക്കോര്‍ 109 റണ്‍സായിരുന്നു. പിറകെയെത്തിയ സുരേഷ് റൈനയും അമ്പാട്ട് റായിഡുവും വലിയ സാഹസത്തിന് മുതിര്‍ന്നില്ല. അക്‌സര്‍ പട്ടേലിനെ ക്രിസ് വിട്ട് ബൗണ്ടറി കടത്തിയ റായിഡു ഗ്യാലറയുടെ കൈയ്യടി നേടിയപ്പോള്‍ പിറകെ സുരേഷ് റൈന പുറത്തായി. പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്.
പകരം വന്നത് തലൈവര്‍ മഹേന്ദ്രസിംഗ് ധോണി. ധോണിയെ കണ്ടതും ഗ്യാലറി ആവേശത്തിലായി. വലിയ സാഹസത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല ആ സമയത്ത്. ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ ധോണിയെ കണ്ടതും തന്റെ മികച്ച ബൗളര്‍ ബോള്‍ട്ടിനെ ആക്രമണത്തിന് വിളിച്ചു. രണ്ടാം പന്ത് തന്നെ ലെഗ് സൈഡിലുടെ ധോണി ബൗണ്ടറി കടത്തി. റിക്കി പോണ്ടിംഗ്, സൗരവ് ഗാംഗുലി, മുഹമ്മദ് കൈഫ്, പ്രവീണ്‍ ആംറെ തുടങ്ങിയവരെല്ലാമായിരുന്നു ഡല്‍ഹിയുടെ സപ്പോര്‍ട്ടിംഗ് സംഘത്തില്‍. പക്ഷേ സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെ നിര്‍ദ്ദേശങ്ങളില്‍ ഒരിക്കല്‍ കൂടി ചെന്നൈ കരുത്തരായി.