ഫത്തോര്‍ഡ: ഐഎസ്എല്ലില്‍ എഫ്‌സി ഗോവക്കെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ജയം. സ്‌ട്രൈക്കര്‍ ഇഗോള്‍ അംഗൂളോ ഇരട്ട ഗോള്‍ നേടി. അക്രമിച്ചു കളിച്ച മുംബൈയെ പ്രതിരോധിക്കുന്നതില്‍ ഗോവ പലപ്പോഴും പരാജയപ്പെട്ടു.

33ാം മിനിറ്റില്‍ കസ്സിയോ ഗബ്രിയേലിനെ ഗോവന്‍ താരം ഇവാന്‍ ഗോണ്‍സാലസ് ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് മുംബൈയുടെ ആദ്യ ഗോള്‍. കിക്കെടുത്ത അംഗൂളോ ബോള്‍ വലയിലെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്കു ശേഷം അംഗൂളോ തന്നെ രണ്ടാമത്തെ ഗോളും നേടി.

മൂന്നാം ഗോള്‍ രണ്ടാം പകുതിയിലായിരുന്നു. 76ാം മിനിറ്റില്‍ പകരക്കാരനായെത്തിയ യഗോര്‍ കറ്ററ്റാവു കൂടി ഗോള്‍ നേടിയതോടെ ഗോവയുടെ പതനം പൂര്‍ത്തിയായി.