ഗാസ: പലസ്തീന്‍ ബാലനെ ഇസ്രഈല്‍ സൈന്യം വെടിവെച്ചു കൊന്നു. ഇസ്രഈലിനേയും ഗാസ മുനമ്പിനേയും വേര്‍തിരിക്കുന്ന മതിലിനു സമീപം നടന്ന പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു പലസ്തീന്‍ ബാലനെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയത്. മഹ്മൂദ് അല്‍ ഘരാബ്‌ലിയെന്ന 16കാരനാണ് കൊല്ലപ്പെട്ടത്.

ടെല്‍ അവിവില്‍ നിന്നും ഇസ്രഈല്‍ എംബസി ജറുസലേമിലേക്കു മാറ്റാനുള്ള യു.എസ് നീക്കത്തെ അപലപിച്ചുകൊണ്ടാണ് ആയിരങ്ങള്‍ ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ ഘരാബ്‌ലിയടക്കം ഇതുവരെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 63 ആയി. മാര്‍ച്ച് 30ന് ഗാസയില്‍ നടന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രക്ഷോഭം തുടങ്ങിയതു മുതല്‍ 136 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

അതേസമയം ഒരു ഇസ്രഈല്‍ പൗരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ല. 1948-ല്‍ ഇസ്രഈല്‍ രൂപീകൃതമായതിനു പിന്നാലെ ബലം പ്രയോഗിച്ച് നീക്കിയ കുടുംബങ്ങള്‍ തങ്ങള്‍ക്ക് സ്വദേശത്തേക്ക് തിരിച്ചുപോകാനുള്ള അവകാശത്തിനുവേണ്ടിയാണ് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ സമരം ചെയ്യുന്നത്.