ബെയ്‌റൂട്ട്: ലെബനനില്‍ തുടരുന്ന ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കുട്ടികള്‍ നേരിടുന്ന ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് യുണിസെഫ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം ലെബനനില്‍ 83 കുട്ടികള്‍ കൊല്ലപ്പെട്ടതായും 254 കുട്ടികള്‍ക്ക് പരിക്കേറ്റതായും യുണിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി കണക്കനുസരിച്ച് ഓരോ ദിവസവും 10 കുട്ടികള്‍ വീതം കൊല്ലപ്പെടുകയും ഏകദേശം 36 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ 28 മാസത്തിനിടെ (ഏകദേശം രണ്ടര വര്‍ഷം) ലെബനനില്‍ ആകെ 329 കുട്ടികള്‍ യുദ്ധക്കെടുതിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 1,632 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യുദ്ധം രൂക്ഷമായതോടെ ലെബനനിലെ ഏഴ് ലക്ഷത്തോളം ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വരുന്നതായും ഇതില്‍ രണ്ട് ലക്ഷത്തോളം പേര്‍ കുട്ടികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്നും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്നും യുണിസെഫ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.