തെഹ്റാന്‍: ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി. ആക്രമണത്തില്‍ നിരപരാധികളായ 57 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഈ ക്രൂരതയ്ക്ക് പ്രതികാരം ചെയ്യാതെ ഇറാന്‍ പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട സ്‌കൂളിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് എക്‌സിലൂടെ അരാഗച്ചി തന്റെ നിലപാട് വ്യക്തമാക്കിയത്.
ദക്ഷിണ ഇറാനിലെ മിനാബിലുള്ള പ്രൈമറി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. ഇസ്രാഈലും അമേരിക്കയും സംയുക്തമായാണ് ഇറാനെതിരെ ആക്രമണം നടത്തിയത്. അതേസമയം തലസ്ഥാനമായ തെഹ്റാനിലും വന്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അവകാശപ്പെട്ടു.
തെഹ്റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൂരി മേഖല എന്നിവിടങ്ങളിലും മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വസതിക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.