News

ക്രിസ്മസ് ദിനവും ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്

By webdesk18

December 26, 2025

ഗസ്സ സിറ്റി: ക്രിസ്മസ് ദിനത്തിലും ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നു. വടക്കന്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രാഈല്‍ ബോംബാക്രമണങ്ങളുടെയും ഡ്രോണുകളുടെയും ശബ്ദങ്ങള്‍ക്കിടെയായിരുന്നു ഗസ്സയിലെ ക്രൈസ്തവ ജനതയുടെ ക്രിസ്മസ് ആഘോഷം.

ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പല ദേവാലയങ്ങളിലും ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നില്ല. പള്ളികളില്‍ ചെറിയ ഒത്തുചേരലുകളും പ്രാര്‍ത്ഥനകളും മാത്രമാണ് നടന്നത്. വടക്കന്‍ ഗസ്സയിലെ ജബാലിയ മേഖലയില്‍ ഇസ്രായേല്‍ സൈന്യം ഒരു ഫലസ്തീനിയെ വധിച്ചുവെന്നും ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് വടക്കുകിഴക്കായുള്ള സായിര്‍ പട്ടണത്തില്‍ വീടുകള്‍ക്ക് നേരെ ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് മാസം പ്രായമുള്ള ഫലസ്തീന്‍ പെണ്‍കുട്ടിക്ക് പരിക്കേറ്റു.

ക്രിസ്മസ് സന്ദേശത്തില്‍ ഗസ്സയിലെ ഫലസ്തീനികളുടെ ദുരിതാവസ്ഥയെ ലോകം മറക്കരുതെന്ന് ലിയോ മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു. ആഴ്ചകളായി മഴയും കാറ്റും തണുപ്പും സഹിച്ച് കഴിയുന്ന ഗസ്സയിലെ അഭയാര്‍ഥി കൂടാരങ്ങളെക്കുറിച്ച് ലോകം എന്തുകൊണ്ട് ചിന്തിക്കുന്നില്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ ചോദ്യം. ഗസ്സയിലെ മാനുഷിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് വിവിധ സന്നദ്ധ സംഘടനകളും വ്യക്തമാക്കി.

കൊടിയ യുദ്ധത്തിന്റെ കെടുതികളും പ്രകൃതിക്ഷോഭവും മൂലം ദുരിതത്തിലായ ഗസ്സ നിവാസികള്‍ക്ക് ചുരുങ്ങിയ സഹായം പോലും നിഷേധിക്കുന്ന സമീപനമാണ് വെടിനിര്‍ത്തല്‍ ഘട്ടത്തിലും ഇസ്രാഈല്‍ തുടരുന്നതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. ഇതേസമയം, ജനുവരിയില്‍ തന്നെ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വരുമെന്ന് അമേരിക്കയുടെ പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് സ്ഥിരീകരിച്ചതായി ഇസ്രാഈല്‍ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. മധ്യസ്ഥ രാജ്യങ്ങളും അമേരിക്കയും ആശയവിനിമയം തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഗസ്സയിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ബഗ്ദാദിലെത്തിയ ഹമാസ് ഉന്നതതല സംഘം ഇറാഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.