തെല്‍ അവിവ്: ഗസ്സയില്‍ ഇസ്രാഈല്‍ യുദ്ധകുറ്റം നടത്തിയെന്ന കാര്യം ഉറപ്പാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അതേസമയം, രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന ഖത്തര്‍ പ്രഖ്യാപനത്തിനിടെ, ഇസ്രാഈലിന് ഹമാസ് ഒരു ബന്ദിയുടെ കൂടി മൃതദേഹം കൂടി കൈമാറി. അതിര്‍ത്തി തുറക്കുന്നതു സംബന്ധിച്ച് ഇസ്രാഈലുമായി ധാരണയില്‍ എത്തിയിട്ടില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി.
എന്നാല്‍, ഗസ്സ വിടാനാഗ്രഹിക്കുന്ന ഫലസ്തീനികള്‍ക്കായി ഈജിപ്തിലേക്കുള്ള അതിര്‍ത്തി കവാടമായ റഫ തുറന്നേക്കുമെന്ന് ഇസ്രാഈല്‍ അധികൃതര്‍ സൂചന നല്‍കി. യൂറോപ്യന്‍ യൂനിയന്‍ ദൗത്യസംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അതിര്‍ത്തി തുറക്കുയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഒരു ബന്ദിയുടെ കൂടി മൃതദേഹം ഹമാസ് കൈമാറിയതായി ഇസ്രാഈല്‍ അറിയിച്ചു. ഇതോടെ 28 ല്‍ 27 ബന്ദികളുടെയും മൃതദേഹം ഇസ്രഈലിന് ലഭിച്ചു. വടക്കന്‍ ഗസ്സയിലെ ബെയ്ത് ലാഹിയയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അവശേഷിച്ച ഒരു ബന്ദിയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണെന്ന് ഹമാസ് അറിയിച്ചു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രാഈല്‍ ഇന്നലെയും ആക്രമണം നടത്തി. ഖാന്‍ യൂനുസിലും റഫയിലും നടത്തിയ ആക്രമണങ്ങളില്‍ 3 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 10ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ 54 നാളുകള്‍ പിന്നിടുമ്പോള്‍ 591 തവണയാണ് ഇസ്രാഈല്‍ ലംഘിച്ചതെന്ന് ഗസ്സ സര്‍ക്കാര്‍ മാധ്യമ ഓഫീസ് അറിയിച്ചു.