ഗസ്സയില്‍ നിന്ന് പിന്മാറി വെസ്റ്റ്ബാങ്കില്‍ ആക്രമണം തുടരുകയാണ് ഇസ്രാഈല്‍. കനത്ത ആക്രമണമാണ് ഗസ്സ വെടിനിര്‍ത്തലിന് ശേഷം ഇസ്രാഈല്‍ വെസ്റ്റ്ബാങ്കില്‍ നടത്തുന്നത്. പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ 3 പേരെങ്കിലും ഇവിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുരുങ്ങിയത് 12 പേരെയെങ്കിലും പരിക്കേറ്റ നിലയില്‍ കൊണ്ടു വന്നതായി റെഡ്‌ക്രോസ് വ്യക്തമാക്കുന്നു. ജെറൂസലേമിന്റെ വടക്കുഭാഗത്തെ പ്രദേശങ്ങളിലായിരുന്നു ഇസ്രാഈലിന്റെ ആക്രമണം.
ഫലസ്തീനികളുടെ വീടുകള്‍, ഒരു നഴ്‌സറി, വ്യാപാര സ്ഥാപനം തുടങ്ങിയവ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. വെസ്റ്റ് ബാങ്കില്‍ നടന്ന സൈനിക റെയ്ഡുകളില്‍ ഡസന്‍ കണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രാഈല്‍ 90 ഫലസ്തീനികളെ വിട്ടയച്ച് ണിക്കൂറുകകമായിരുന്നു ഇത്. ഇതിന് പുറമേ ഫലസ്തീനികള്‍ക്ക് നേരെ വെസ്റ്റ്ബാങ്കിലെ കുടിയേറ്റക്കാരും ആക്രമണം അഴിച്ചുവിട്ടു. സൈന്യത്തിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു കുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം.
കഴിഞ്ഞ ദിവസമാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പില്‍ വന്നത്. വെടിനിര്‍ത്തല്‍ നടപ്പിലാവുന്നതിന്റെ തൊട്ടുമുന്‍പ് വരെ കനത്ത ആക്രമണമാണ് ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയത്. 2023 ഒക്ടോബര്‍ 7 മുതല്‍ 47,035 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 1.1 ലക്ഷം പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറില്‍ ഗസ്സയില്‍ 62 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.