കോഴിക്കോട് : അനീതിയുടെ അതിപ്രസരമുള്ള കാലത്ത് ഇസ്രായേൽ നേരിടേണ്ടി വന്നത് അനീതിക്കെതിരെയുള്ള തിരിച്ചടിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി നടക്കുന്ന ശാഖാ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കൊടുവള്ളി മണ്ഡലത്തിലെ സി.എം നഗർ ശാഖയിൽ നിർവ്വഹിക്കുകയായിരുന്നു തങ്ങൾ. ലോകത്ത് എവിടെ നിന്നും അനീതിയുടെ വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. നിരപരാധികളായ വൃദ്ധരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കിയും അവരുടെ അവകാശങ്ങളെ ഇല്ലാതാക്കിയും അനീതിക്ക് ചൂട്ട് പിടിക്കുന്ന ഭരണ വർഗ്ഗം ലോകത്തിന് വെല്ലുവിളിയാണ്. പലസ്തീനിലും ഇറാനിലും ഉൾപ്പെടെ കണ്ട് കൊണ്ടിരിക്കുന്നതും ഇത്തരം അനീതിയുടെ കാഴ്ചകൾ തന്നെയാണ്.
എന്നാൽ ഇത്തരം അനീതികൾക്ക് നിലനിൽപ്പില്ലെന്ന ഓർമ്മപ്പെടുത്തലുകളാണ് അമേരിക്കക്കും ഇസ്രായേലിനും നേരിട്ട തിരിച്ചടികൾ വ്യക്തമാക്കുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ജുനൈദും അഖ്ലാഖും ഉൾപ്പെടെയുള്ളവർ കൊല ചെയ്യപ്പെട്ടതും ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും മുസ്ലിം ലീഗ് എക്കാലത്തും ഇരകൾക്ക് വേണ്ടി ശബ്ദിച്ചവരാണെന്നും തങ്ങൾ വ്യക്തമാക്കി. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കടന്ന് വരുമ്പോൾ അവർക്ക് തൊഴിലിടങ്ങൾ നിഷേധിക്കപ്പെടുകയാണിന്ന്. രാജ്യത്തിൻ്റെ ഭാവി പ്രതീക്ഷകളായ യുവതക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കുന്ന ഭരണവർഗ്ഗത്തിനെതിരെ ജനാധിപത്യ രീതിയിൽ പോരാട്ടം നടത്താൻ നാം തയ്യാറാകണമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ എം കെ മുനീർ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. ട്രഷറർ പി. ഇസ്മായിൽ പ്രമേയ പ്രഭാഷണം നടത്തി. എം.എ റസാക്ക് മാസ്റ്റർ, വി.എം ഉമ്മർ മാസ്റ്റർ, ടി.പി.എം. ജിഷാൻ, കെ.കെ.എ കാദർ, ടി മൊയ്‌തീൻ കോയ പ്രസംഗിച്ചു. സി.എം നഗർ ശാഖ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് സമീറലി കെ.പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.യു മുഹമ്മദ് സാലിഹ് സ്വാഗതവും ട്രഷറർ അസ്ഹർ സാദാത്ത് കെ.എം നന്ദിയും പറഞ്ഞു. കെ എം എ റഷീദ്, സമദ് നടേരി, മുഹമ്മദൻസ് കെ.പി, റഫീഖ് കൂടത്തായി, ഒ.കെ ഇസ്മായിൽ, എം നസീഫ്, എ.പി നാസർ മാസ്റ്റർ, കെ.കുഞ്ഞാമു, വി.സി റിയാസ് ഖാൻ, ഷൗകത്ത് എരവന്നൂർ, ഷാഫി സകരിയ, റാഫി ചെരച്ചോറ, കെ.ടി റഹൂഫ്, അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, അസ്ഹറുദ്ധീൻ, ഷമീം മടവൂർ,അർഷാദ് കിഴക്കോത്ത്, ജൗഹർ പി വി,ജംഷീർ എ പി, റുവൈസ്. കെ പി, അൻഷിദ് പി യു, മില്ലാത്ത് ബഷീർ, കെ പി ജാഫർ, കെ പി ശിഹാബ് സംബന്ധിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി റനീഷ് എസ് കെ (പ്രസിഡന്റ്), മിൻഹാജ് കെ.എം (ജനറൽ സെക്രട്ടറി), സാബിത്ത്.യു (ട്രഷറർ), അസ്ഹർ സദാത്ത്, സദ്ധാം വി പി സി, ഷമീറ ശമീർ (വൈസ് പ്രസിഡന്റ്‌മാർ), അസ്‌ലം പുതുക്കുടി, ഇഖ്ബാൽ എം, ഫിദ ഗഫൂർ (ജോയന്റ് സെക്രട്ടറിമാർ). മുസ്‌ലിം യൂത്ത് ലീഗ് സംഘടന ചരിത്രത്തിൽ ആദ്യമായി യുവതികൾ ഭാരവാഹികളായി. എല്ലാ ഘടകത്തിലും യുവതികൾ ഭാരവാഹികൾ ആകുന്ന രീതിയിൽ ഭരണ ഘടനയിൽ ഭേദഗതി വരുതിയിരുന്നു.
ജൂലൈ 31 വരെ ശാഖാ സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും നടക്കും തുടർന്ന് ആഗസ്ത് 1 മുതൽ 31 വരെ പഞ്ചായത്ത് സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സപ്തംബർ 1 മുതൽ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി 1 മുതൽ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫിബ്രുവരി 1 തിയ്യതികളിൽ സംസ്ഥാന സമ്മേളനവും തുടർന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.