News

ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം ശക്തമാക്കി; 73 പേര്‍ കൊല്ലപ്പെട്ടു

By webdesk17

October 02, 2025

ഗസ്സ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലും ഗസ്സയില്‍ ഇസ്രാഈല്‍ ശക്തമായ ആക്രമണം നടത്തി. അല്‍ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം, ആക്രമണത്തില്‍ കുറഞ്ഞത് 73 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ച്ചയായ ബോംബാക്രമണങ്ങള്‍ നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും സ്‌കൂളുകളും ആശുപത്രികളും തകര്‍ത്തു.

വിപുലമായ ആക്രമണത്തെ തുടര്‍ന്ന് ഗസ്സ നഗരത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) അറിയിച്ചു. കഴിഞ്ഞ ആഴ്ച ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് അവരുടെ സേവനം അവസാനിപ്പിച്ചിരുന്നു.

ഗസ്സയിലെ ഗവര്‍ണറേറ്റുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായ അല്‍-റാഷിദ് സ്ട്രീറ്റ് ഇസ്രായേല്‍ സൈന്യം അടച്ചതോടെ, ആയിരക്കണക്കിന് ഫലസ്തീനികള്‍ വടക്ക് നിന്ന് തെക്കോട്ട് അപകടകരമായ വഴികളിലൂടെ പലായനം ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളത്.

ഗസ്സ സിറ്റി വളഞ്ഞിട്ടുണ്ടെന്നും താമസക്കാര്‍ക്ക് നഗരം വിടാനുള്ള അവസാന അവസരമാണിതെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രാഈല്‍ കാറ്റ്സ് വ്യക്തമാക്കി. ”നഗരത്തില്‍ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കും,” എന്നായിരുന്നു കാറ്റ്സിന്റെ മുന്നറിയിപ്പ്.

യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ പദ്ധതിയോട് ഹമാസിന്റെ പ്രതികരണം നാളെയോടെ ഉണ്ടാകുമെന്ന് പ്രതീക്ഷ. പദ്ധതി തള്ളുമെന്നാണ് സൂചന.