News

ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ

By webdesk18

June 14, 2025

ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അതിന്റെ അനന്തരഫലങ്ങള്‍ അവരെ നിസ്സഹായരാക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ. ഇറാനില്‍ ഇസ്രാഈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പരമോന്നത നേതാവിന്റെ പ്രതികരണം. ശക്തമായ നടപടികള്‍ ഇസ്രാഈലിനെതിരെ സ്വീകരിക്കും. ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും. ഒരു തരത്തിലുമുള്ള ദയയും ഞങ്ങള്‍ കാണിക്കില്ല. ദൈവംനിശ്ചയിച്ചാല്‍ സയണിസ്റ്റ് ഭരണകൂടത്തെ ഇറാന്‍ പരാജയപ്പെടുത്തും. ഇറാന്‍ രാഷ്ട്രവും ജനതയും സായുധ സേനയ്ക്ക് പിന്നില്‍ നിലകൊള്ളും. ഇസ്രാഈലിന്റെ നടപടികളെ ഇറാന്‍ നിസാരമായി കാണില്ല-ഖാംനഇ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇസ്രഈല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമിക്കുന്നത് തുടരുകയാണ്. ഇറാന്‍ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് മേജര്‍ ജനറല്‍ സൈന്‍ സലാമി, സായുധസേന മേധാവി ജനറല്‍ മുഹമ്മദ് ബാഖിരി, മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനും ആസാദ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പ്രസിഡന്റുമായ മുഹമ്മദ് മഹ്ദി തെഹ്‌റാന്‍ശി, ആണവ ശാസ്ത്രജ്ഞനും ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ തലവനുമായ ഫരീദൂന്‍ അബ്ബാസി, റെവലൂഷനറി ഗാര്‍ഡ് മിസൈല്‍ പദ്ധതി മേധാവി ജനറല്‍ അമീര്‍ അലി ഹാജിസാദ, ഖാതമുല്‍ അന്‍ബിയ ബ്രിഗേഡ് തലവന്‍ ഗുലാം അലി റാശിദ് എന്നീ പ്രമുഖര്‍ കൊല്ലപ്പെട്ടു. ജനവാസകേന്ദ്രത്തില്‍ നടത്തിയ ആ ക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി വെളിപ്പെടുത്തി.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇറാന്‍ ഇസ്രാഈലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. തെല്‍അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്രാഈല്‍ നിര്‍ദേശം നല്‍കിയിരുന്നു.