ഗസ്സ സിറ്റി: ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈല്‍ മൂന്നാംലോക രാജ്യങ്ങളിലേക്ക് നിര്‍ബന്ധിതമായി നാടുകടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങളായി തടവിലായിരുന്ന പ്രിയപ്പെട്ടവരെ സ്വീകരിക്കാനൊരുങ്ങിയിരുന്ന കുടുംബങ്ങള്‍ ഈ തീരുമാനത്തില്‍ കടുത്ത ഞെട്ടലും നിരാശയും പ്രകടിപ്പിച്ചു. ”വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം സ്വാതന്ത്ര്യം കയ്‌പേറിയതായി മാറി,” ബന്ധുക്കള്‍ പ്രതികരിച്ചു.
രണ്ടുവര്‍ഷം നീണ്ട യുദ്ധത്തിനിടെ ഗസ്സാ മുനമ്പില്‍ നിന്നു മാത്രം 1700ലധികം പേരെയാണ് ഇസ്രായേല്‍ തടവറയിലടച്ചത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 250 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമ്പോള്‍ ഹമാസ് 20 ഇസ്രാഈലി ബന്ദികളെ വിട്ടയക്കും.
നാടുകടത്തുന്ന തടവുകാരെ ഏത് രാജ്യങ്ങളിലേക്കാണ് അയക്കുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ ജനുവരിയില്‍ മോചിതരായ ചിലരെ തുനീഷ്യ, അള്‍ജീരിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നാടുകടത്തിയത്.
തടവുകാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് പൗരത്വാവകാശങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ”അവര്‍ ഫലസ്തീന്‍ പൗരന്മാരാണ്. മറ്റു രാജ്യങ്ങളില്‍ അവര്‍ക്കു പൗരത്വമില്ല. അതിനാല്‍ ഇത് നിയമപരമായും മാനുഷികമായും തെറ്റാണ്,” ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസിലെ പ്രഫസര്‍ തമര്‍ ഖര്‍മൗട്ട് അഭിപ്രായപ്പെട്ടു.
”ചെറിയ ജയിലില്‍ നിന്നും വലിയ ജയിലുകളിലേക്കാണ് അവരെ അയക്കുന്നത്. പുതിയ രാജ്യങ്ങളില്‍ അവര്‍ കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാമല്ലയിലെ മുഹമ്മദ് ഇംമ്രാന്‍ എന്ന തടവുകാരനും നാടുകടത്തപ്പെടുന്നവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഇംമ്രാനെ 2022ല്‍ അറസ്റ്റു ചെയ്തതും 13 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചതും. ഇസ്രാഈലിന്റെ യാത്രാ നിയന്ത്രണങ്ങള്‍ മൂലം ബന്ധുക്കള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയില്ല.
തടവുകാരെ സ്വന്തം നാടില്‍ നിന്ന് അകറ്റുന്നത് ഹമാസിനെയും മറ്റ് ഫലസ്തീന്‍ ഗ്രൂപ്പുകളെയും പ്രതീകാത്മക വിജയം നേടുന്നതില്‍ നിന്ന് തടയാനാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ”ഇത് അവരുടെ രാഷ്ട്രീയജീവിതത്തിന്റെ അവസാനമാണെന്നും കുടുംബങ്ങള്‍ക്ക് കൂട്ടായ ശിക്ഷയാണെന്നും,” ഖര്‍മൗട്ട് കൂട്ടിച്ചേര്‍ത്തു.