News

ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് ഇസ്രാഈല്‍

By Lubna Sherin K P

October 09, 2025

ഹമാസ് മുന്‍ നേതാവ് യഹ്‌യ സിന്‍വാറിന്റെയും സഹോദരന്‍ മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് വിട്ടുകൊടുക്കില്ലെന്ന് ഇസ്രാഈല്‍. ഇരുവരുടെയും മൃതദേഹങ്ങള്‍ വെടിനിര്‍ത്തല്‍, ബന്ദിമോചന കരാറിന്റെ ഭാഗമായി തിരിച്ച് നല്‍കണമെന്ന ഹമാസ് ആവശ്യം അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്രാഈല്‍ തടവിലാക്കിയവരെയും നിരവധി പേരുടെ മൃതദേഹങ്ങളും തിരികെ നല്‍കണമെന്ന് ഹമാസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യഹ്‌യ സിന്‍വാറിന്റെയും സഹോദരന്‍ മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ തിരികെ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രായേല്‍ ആക്രമണത്തില്‍ യഹ്‌യ സിന്‍വാര്‍ 2024 ഒക്ടോബര്‍ 16നാണ് കൊല്ലപ്പെട്ടത്. റഫയില്‍ തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ യഹ്‌യക്ക് സാരമായി പരിക്കേറ്റ് അവശനായിരിക്കുമ്പോഴും കൈയില്‍ കിട്ടിയ വടി ഉപയോഗിച്ച് ഐ.ഡി.എഫ് ഡ്രോണ്‍ എറിഞ്ഞിടാന്‍ ശ്രമിക്കുന്ന വിഡിയോ വൈറലായിരുന്നു.

സിന്‍വാറും കുടുംബവും ഒളിവില്‍ ആഡംബര ജീവിതം നയിക്കുകയാണെന്നായിരുന്നു അദ്ദേഹം കൊല്ലപ്പെടുന്നത് വരെ ഇസ്രാഈലും പാശ്ചാത്യമാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, യുദ്ധമുഖത്ത് അദ്ദേഹം കൊല്ലപ്പെടുകയും അതിന്റെ മൂന്ന് ദിവസം മുമ്പ് വരെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഗസ്സക്കാര്‍ കടുത്ത പട്ടിണിയിലാണെങ്കിലും ഹമാസ് നേതാവ് സിന്‍വാര്‍ ഭൂഗര്‍ഭ അറിയില്‍ സുഖ ജീവിതം നയിക്കുകയാണെന്ന് ഇസ്രാഈല്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഇസ്രാഈല്‍ നാഷണല്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ചെന്‍ കുഗേലാണ് സിന്‍വാര്‍ മരിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് വരെ ഒന്നും കഴിച്ചിരുന്നില്ലെന്ന വിവരം വെളിപ്പെടുത്തിയത്.