News

ഇസ്രാഈല്‍ ആക്രമണം ഗസ്സയിലെ ഏക കത്തോലിക്ക പള്ളിയുടെ തൊട്ടടുത്ത് വരെ എത്തി

By webdesk13

March 19, 2025

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണം ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയത്തിന്റെ തൊട്ടടുത്ത് വരെ എത്തി. ഹോളി ഫാമിലി ഇടവകയ്ക്ക് വളരെ അടുത്തായി ഇസ്രാഈല്‍ പ്രതിരോധ സേന പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചതായി വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.

” നൂറുകണക്കിനാളുകള്‍ക്ക് അഭയം നല്കിയിരിക്കുന്ന ദേവാലയമാണിത്. പള്ളിയില്‍ നിന്ന് വെറും 300 400 മീറ്റര്‍ പരിധി വരെ ബോംബാക്രമണങ്ങള്‍ നടന്നതെന്ന് അദ്ദേഹം വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. ബോംബാക്രമണം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്നും ഭാഗ്യവശാല്‍ തങ്ങള്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

” ഞങ്ങള്‍ സുഖമായിരിക്കുന്നു, പക്ഷേ ഗസ്സയില്‍ ഇതിനകം 350ലധികം പേര്‍ മരിച്ചതായും ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും കേള്‍വിയുണ്ട്. ഇവിടെ ഞങ്ങള്‍ക്കൊപ്പം മദര്‍ തെരേസയുടെ സഹോദരിമാരുണ്ട്. മറ്റ് സമര്‍പ്പിതരുണ്ട്.

ഞങ്ങള്‍ എല്ലാവരും നന്മ ചെയ്യാന്‍, സേവനം ചെയ്യാന്‍ ശ്രമിക്കുന്നു; ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, പ്രായമായവരെയും കുട്ടികളെയും സഹായിക്കുന്നു; ഞങ്ങള്‍ക്ക് പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുമുണ്ട്, അവര്‍ കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു” അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗസ്സയില്‍ 400ലേറെ പേരെ വീണ്ടും കൂട്ടക്കുരുതി ചെയ്ത ഇസ്രാഈല്‍ നടപടിയില്‍ വിശദീകരണവും ഭീഷണിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത് എത്തി. ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും കൂടുതല്‍ സൈനിക ശക്തിയോടെ ഹമാസിനെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ഭാവിയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആക്രമണങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും നെതന്യാഹു ചൊവ്വാഴ്ച വൈകീട്ട് ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. ‘കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് ഞങ്ങളുടെ സൈന്യത്തിന്റെ ശക്തിയറിഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്ന് ഞാന്‍ നിങ്ങളോടും അവരോടും ഉറപ്പിച്ചുപറയുന്നു’ ഇങ്ങനെയായിരുന്നു നെതന്യാഹുവിന്റെ വാക്കുകള്‍.