international

വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ ക്രൂരമായ നശീകരണ പ്രവർത്തനങ്ങൾ; ഫലസ്തീന്റെ കൃഷിയിടങ്ങളും ഒലിവ് തോട്ടങ്ങളും തകർത്ത് ഇസ്രായേൽ ബുൾഡോസറുകൾ

By ajay

September 06, 2026

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ നശീകരണ പ്രവർത്തനങ്ങൾ ഫലസ്തീന്റെ ഭക്ഷ്യമേഖലയെയും കൃഷിയിടങ്ങളെയും ലക്ഷ്യമിട്ട് വ്യാപിക്കുന്നു. ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമാസക്തമായ കടന്നുകയറ്റം ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമികളെ പൂർണ്ണമായും തകർക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വെസ്റ്റ് ബാങ്കിലെ അറബ-യഅബാദിൽ നാശത്തിന്റെ ദൃശ്യങ്ങളാണ് എങ്ങും കാണാനാകുന്നത്. ബുൾഡോസറുകളുടെ ശബ്ദവും റോഡിന്റെ ഇരുവശങ്ങളിലുമായി പിഴുതെറിയപ്പെട്ട ഒലിവ് മരങ്ങളും ആ പ്രദേശത്തിന്റെ ദുരവസ്ഥ വിളിച്ചോതുന്നു. കിലോമീറ്ററുകളോളം ഒലിവ് തോട്ടങ്ങൾ തകർത്തെറിയപ്പെട്ടിരിക്കുന്നു.ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഏരിയ ‘എ’ യുടെ അതിർത്തി അടയാളപ്പെടുത്തുന്ന ചുവന്ന തൂണുകൾ കടന്നുപോലും ഇസ്രായേലി പതാകകൾ നാട്ടിയിരിക്കുകയാണ്.

അൽ-ഫാരി കുടുംബത്തിന്റെ ഭൂമിയിൽ നടന്ന നശീകരണ പ്രവർത്തനങ്ങൾ ഇതിന്റെ ആഴം വ്യക്തമാക്കുന്നതാണ്. തങ്ങളുടെ അവസാനത്തെ ഒലിവ് തോട്ടങ്ങളെങ്കിലും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനി സ്ത്രീകൾ സൈനികരോട് അപേക്ഷിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണ്. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കുടുംബാംഗങ്ങളുടെ ഫോണുകൾ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം പ്രവർത്തിച്ച ബുൾഡോസറുകൾ നൂറുകണക്കിന് ഒലിവ് മരങ്ങളാണ് തകർത്തത്. തകർന്നുവീണ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്.

“ഇതൊരു കൃത്യമായ കുടിയേറ്റ പദ്ധതിയാണ്. ഒലിവ് മരങ്ങൾ പിഴുതെറിയുക വഴി ഈ നാട്ടിൽ നിന്ന് ആളുകളെ വേരോടെ പിഴുതെറിയാനാണ് അവർ ശ്രമിക്കുന്നത്. വൈകാതെ ഇവിടെ ഒന്നും അവശേഷിക്കില്ലെന്ന്,” പ്രദേശവാസികൾ ഫലസ്തീനികൾ പറയുന്നു.

ഉപരോധാവസ്ഥയിൽ ഫലസ്തീൻ ഗ്രാമങ്ങൾ

ഫലസ്തീനികളുടെ വീടുകളും ബിസിനസുകളും കൃഷിയിടങ്ങളും ഇസ്രായേലി സൈന്യത്തിന്റെ പിന്തുണയോടെ കുടിയേറ്റക്കാർ ആക്രമിക്കുന്നത് വെസ്റ്റ് ബാങ്കിൽ പതിവാണ്. എന്നാൽ 2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഇത്തരം ആക്രമണങ്ങളുടെ വേഗതയും തീവ്രതയും ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്.

പടിഞ്ഞാറ് മേവോ ഡോട്ടൻ സെറ്റിൽമെന്റും, വടക്ക് പുതുതായി സ്ഥാപിതമായ എമെക് ഡോട്ടൻ സെറ്റിൽമെന്റും, തെക്ക് നിരവധി പുതിയ കുടിയേറ്റ കേന്ദ്രങ്ങളും ചേർന്ന് അറബ പട്ടണത്തെ പൂർണ്ണമായും വളഞ്ഞിരിക്കുകയാണ്. അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റങ്ങളും ഔട്ട്‌പോസ്റ്റുകളും നിയമവിരുദ്ധമാണ്.

2023 ഒക്ടോബറിനുശേഷം അറബയുടെ പടിഞ്ഞാറുള്ള 1,500 ഡൂൺ (1.5 ചതുരശ്ര കിലോമീറ്റർ) കൃഷിഭൂമിയാണ് കുടിയേറ്റക്കാർ നശിപ്പിച്ചത്. എന്നാൽ മാർച്ചിൽ അറബ സൈനിക ക്യാമ്പ് വീണ്ടും പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി മാറിയിരിക്കുകയാണ്.