News

ഇസ്രാഈലിന്റെ വഞ്ചന: ലബനാന്‍ വലിയ പാഠം

By webdesk17

October 07, 2025

ബെയ്‌റൂത്ത്: വെടിനിര്‍ത്തല്‍ കരാറുകള്‍ക്ക് ഇസ്രാഈല്‍ വില കല്‍പിക്കാറില്ലെന്ന് തെളിയിക്കുന്നതാണ് ലബനാനിലെ ആക്രമണങ്ങള്‍. ഇന്നലെയും ദക്ഷിണ ലബനാനിലെ ലെബ്ദീന്‍ പട്ടണത്തിലേക്ക് പോകുകയായിരുന്ന ഒരു വാഹനത്തിനുനേരെ ഇസ്രാഈല്‍ നടത്തിയ ഡ്രോണാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെക്കുറിച്ച് ഇസ്രാഈല്‍ സൈന്യം ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത്തരം ആക്രമണങ്ങളില്‍ അവര്‍ പൊതുവെ മൗനം പാലിച്ച് ഒഴിഞ്ഞുമാറുകയാണ് പതിവ്. ഗസ്സയില്‍ കൂട്ടക്കുരുതി ആരംഭിച്ചതിനു പിന്നാലെ ഹിസ്ബുല്ലയും ഇസ്രാഈലും തമ്മിലുണ്ടായ യുദ്ധത്തിന് അന്ത്യംകുറിച്ച് അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലു ണ്ടെങ്കിലും ഇസ്രാഈല്‍ സേന ലബനാനില്‍ ദിനംപ്രതി ആക്രമണം തുടരുകയാണ്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ആശങ്ക പ്രകടിപ്പിക്കുമ്പോഴും ഇസ്രാഈല്‍ ആക്രമണത്തില്‍നിന്ന് പിന്മാറാന്‍ ത യ്യാറായിട്ടില്ല. ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമ്പോള്‍ ഇസ്രാഈല്‍ അതിനു തയ്യാറാകാത്തത് മേഖലയില്‍ ഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ മാസം 10 മാസത്തിനിടെ ഇസ്രാഈലി ആക്രമണങ്ങളില്‍ ലബനാനില്‍ നൂറിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാലും ഇസ്രാഈല്‍ ആക്രമണം തുടരാനാണ് സാധ്യത. അതിന് അവര്‍ പറയുന്ന മുടന്തന്‍ ന്യായീകരണങ്ങള്‍ ലോകം കണ്ണടച്ചു വിശ്വസിക്കുകയും ചെയ്യുന്നു. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇസാഈല്‍ സേന ലബനാനില്‍നിന്ന് പൂര്‍ണമായി പിന്മാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം 80,000ത്തിലധികം ലെബനീസ് പൗരന്മാര്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇവരുടെ തിരിച്ചുവരവും പുനരവധിവാസവും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.