News

ഇസ്രാഈല്‍ സേനയുടെ നടുവൊടിച്ച യുദ്ധം, കൊല്ലപ്പെട്ടത് ആയിരങ്ങള്‍; ആത്മഹത്യ വര്‍ധിച്ചു

By webdesk17

October 07, 2025

ടെല്‍അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ആക്രമണം തുടങ്ങിയ ശേഷം ഗസ്സയില്‍ തങ്ങളുടെ 1,152 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സേന അറിയിച്ചു. അനേകം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കയുള്‍പ്പെടെ വന്‍ശക്തികളുടെ സഹായമുണ്ടോയിട്ടും ഗസ്സയില്‍ ഹമാസിന്റെ പോരാട്ട വീര്യത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇസ്രാഈല്‍ സേന പാടുപെടുകയാണ്. കൊല്ലപ്പെട്ട സൈനികരില്‍ 42 ശതമാനം പേരും 21 വയസ്സിനു താഴെയുള്ളവരാണ്. പ്രധാന മുന്നണികളിലാണ് ഏറെ സൈനികരും കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയില്‍ കരയാക്രമണം തുടങ്ങിയ ശേഷം മാത്രം നൂറിലേറെ സൈനികര്‍ കൊല്ലപ്പെട്ടതായും ഇ സ്രാഈല്‍ സമ്മതിക്കുന്നുണ്ട്. സൈനികരുടെ മരണനിരക്ക് സംബന്ധിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ഇസ്രാഈല്‍ പുറത്തുവിട്ടിട്ടില്ല. സൈനികരുടെ മനോവീര്യം തകരുമെന്നതുകൊണ്ട് ആ ഉപായത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ രഹസ്യമാക്കിവെച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുടെ രജിസ്ട്രിയില്‍ 6,500ലധികം കുടുംബാംഗങ്ങളെ പുതിയതായി ചേര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ കണക്കുകള്‍ പ്രകാരം, സൈനികര്‍ക്ക് ജീവാപായം സംഭവിച്ചതിനെതുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ആകെ 6,500ലധികം പേരുണ്ട്. പുതുതായി ചേര്‍ത്തവരില്‍ 1,973 മാതാപിതാക്കളും 351 വിധവകളും 885 അനാഥരായ കുട്ടികളും 3,481 സഹോദരങ്ങളുമുണ്ട്. സൈനിക സേവനത്തിനിടയില്‍ ജീവാപായം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രജിസ്ട്രിയിലാണ് ഇത്രയും പേരുടെ കണക്കുകളുള്ളത്. അതേസമയം 10,000ത്തിലധികം ഇസ്രാഈല്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രാഈലി പത്രമായ യെദിയോത്ത് അഹോ നോത്ത് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം തുടങ്ങിയ ശേഷം പരിക്കേറ്റ സൈനികര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ വിഭാഗത്തില്‍ സഹായം തേടേണ്ടിവന്നവരുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ഓരോ മാസവും ഏകദേശം 1,000 പുതിയ സൈനികര്‍ ഈ വിഭാഗത്തില്‍ ചേരുന്നുണ്ടെന്നും പ്രതം പറയുന്നു. സൈനികര്‍ക്ക് സംഭവിച്ച ആകെ നാശനഷ്ട ങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ ഇസ്രാഈല്‍ സൈന്യം കര്‍ശനമായ സെന്‍സര്‍ഷിപ്പിന് വിധേയമാക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.