india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

By webdesk14

May 16, 2024

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.