ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ആരോഗ്യപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലുള്ളതെന്ന് ഔദ്യോഗികമായി വിശദീകരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ വൃത്തങ്ങളിലും പൊതുജനമധ്യത്തിലും ഈ വിശദീകരണം പൂര്‍ണ്ണമായി സ്വീകരിക്കപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരും ഉപരാഷ്ട്രപതിയും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകളാണ് രാജിക്ക് പിന്നിലെന്ന അഭ്യൂഹങ്ങളാണ് പരക്കെ പ്രചരിക്കുന്നത്. ഇത് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനുള്ളിലെ അധികാര സമവാക്യങ്ങളെക്കുറിച്ചും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ‘എല്ലാം സുഗമമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരിന് ഇത്തരം സംഭവങ്ങള്‍ തിരിച്ചടിയാണ്. രാജിക്ക് പിന്നില്‍ രാഷ്ട്രീ യപരമായ കാരണങ്ങളാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനാല്‍, ഇത് സര്‍ക്കാരിന്റെ സുസ്ഥിരതയെക്കുറിച്ചും ആഭ്യന്തര ഭിന്നതകളെക്കുറിച്ചുമുള്ള സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്.
ഉപരാഷ്ട്രപതിയുടെ രാജി കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. സുപ്രധാനമായ ഭരണഘടനാപദവിയിലുള്ള വ്യക്തിയുടെ ഇത്തരമൊരു പിന്മാറ്റം, സര്‍ക്കാരിന്റെ കെട്ടുറപ്പിനെക്കുറിച്ചും ആഭ്യന്തര കലഹങ്ങളെക്കുറിച്ചുമുള്ള ആശങ്കകള്‍ക്ക് വഴിവെക്കുന്നതാണ്. സര്‍ക്കാരിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളും ഏകോപനമില്ലായ്മയും നിലനില്‍ക്കുന്നുണ്ടെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഉപരാഷ്ട്രപതിയുടെ രാജി. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന വേളയിലുള്ള രാജി നയപരമായ തീരുമാനങ്ങളെയും ഭരണനിര്‍വഹണത്തെയും പരോക്ഷമായി ബാധിക്കും. സര്‍ക്കാരിനുള്ളിലെ ഭിന്നതകള്‍, ഭരണപരമായ വീഴ്ചകള്‍, സുപ്രധാന ഭരണഘടനാ പദവികളോടുള്ള സര്‍ക്കാരിന്റെ സമീപനം എന്നിവയെല്ലാമാണ് രാജിയിലൂടെ പ്രകടമാകുന്നത്. ബി.ജെപി ദേശിയ തലത്തില്‍ നേരിടുന്ന വെല്ലുവിളികളെയും ഇത് തുറന്നുകാട്ടുന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഭരണ തലത്തിലേക്ക് വ്യാപിക്കുന്നു എന്ന വിമര്‍ശനങ്ങളെ ഇത് ശക്തിപ്പെടുത്തുകയാണ്.
ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് ശര്‍മയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രാജ്യ സഭയില്‍ കൊണ്ടുവന്ന പ്രമേയം, സഭാ അധ്യക്ഷനായ ജഗ്ദിപ് ധന്‍കര്‍ സ്വീകരിച്ചതാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇതേ ജഡ്ജിയെ പുറത്താക്കാന്‍ പ്രമേയം തയ്യാറാക്കിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. രാജ്യസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ ജഗ്ദീപ് ധന്‍കര്‍ പ്രതിപക്ഷ എം.പിമാരുടെ പ്രമേയം സര്‍ക്കാരിനെ അറിയിക്കാതെ അം ഗീകരിച്ചുപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തിര്‍ത്തും ഞെട്ടി. പിന്നാ വധി തുടര്‍ സംഭവങ്ങള്‍ക്കും തുടക്കമിട്ടു. മണിക്കൂറുകള്‍ക്കുള്ളിലാണ് ഉപരാഷ്ട്രപതി സ്ഥാനം രാജി വയ്ക്കുന്നതിലേക്ക് നയിച്ചത്. പ്രതിപക്ഷ പ്രമേയം ഉപരാഷ്ട്രപതി അംഗീകരിച്ചെന്ന വാര്‍ത്ത പരന്നതോടെ ചൊവ്വാഴ്ച മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ എം.പിമാരെ ഗ്രൂപ്പുകളായി വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഉപരാഷ്ട്രപതി ആ ധികാര പരിധി ലംഘിച്ചെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ധന്‍കര്‍ മുമ്പ് സര്‍ക്കാരിനെതിരെ തിരിഞ്ഞ ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടിയായിരുന്നു എം.പിമാരോട് ബി. ജെ.പി നേതൃത്വം വിശദീകരണം നല്‍കിയത്. ഇതിനെല്ലാം പിന്നാലെ ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് അവിശ്വാസ പ്രമേയ നോട്ടീസ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ച് പദവിയൊഴിഞ്ഞത്.
ബി.ജെ.പി സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതകളെ ക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഈ സംഭവം കൂടുതല്‍ വിശ്വാസ്യത നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ആഭ്യന്തര ഭിന്നതകളും ഭരണപരമായ പാളിച്ചകളും ജനങ്ങളിലേക്ക് എത്തിക്കാന്‍ സംഭവം ഇടയാക്കിയിട്ടുണ്ട്. ഭരണകക്ഷിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ രാജ്യത്തിന്റെ സുപ്രധാന പദവികളിലു ള്ളവരുടെ പോലും വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് സ്ഥാപിക്കപ്പെടുന്നത്. ബിഹാര്‍, പശ്ചിമബംഗാള്‍ തിരഞ്ഞെടു പ്പ് വിളിപ്പാടകലെയെത്തിയ വേളയില്‍ ബി.ജെ.പിക്കിത് കനത്ത തിരിച്ചടിയാണ്. ജുഡിഷ്യറിയിലെ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ അസ്വസ്ഥരാണെന്നും ഉപരാഷ്ട്രപതിയുടെ നീക്കം ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തെ അങ്കലാപ്പിലാക്കിയെന്നും വേണം കരുതാന്‍.
ഇന്ത്യന്‍ രാഷ്ട്രീയം വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷ ബ്ദമാകാനുള്ള സാധ്യതയാണ് ഉപരാഷ്ട്രപതിയുടെ രാജി മുന്നോട്ട് വെക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന വേളയിലുള്ള രാജി വലിയ പ്രകമ്പനങ്ങളാണ് സ്യഷ്ടിക്കുക. ഇത് സര്‍ക്കാരിനുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുകയും പ്രതിപക്ഷത്തിന് ശക്തമായ രാഷ്ട്രീയ ആയുധം നല്‍കുകയും പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ കളികള്‍ക്ക് വഴിവെക്കുകയും ചെയ്യും. ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതോടെ, ആ സ്ഥാനത്തേക്ക് പുതിയൊരാളെ തിരഞ്ഞെടുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. നിലവില്‍ എന്‍.ഡി.എക്ക് ഭൂരിപ ക്ഷമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയ നേട്ടമായി ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം ബി.ജെ.പിക്ക് വെല്ലുവിളിയായി മാറിയേക്കാമെന്നാണ് കരുതപ്പെടുന്നത്.