ന്യൂഡല്‍ഹി: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനോട് ‘വര്‍ക്ക് ഫ്രം ഹോസ്പിറ്റല്‍’ എടുക്കാന്‍ നിര്‍ദേശിച്ച മാനേജരുടെ ചാറ്റ് സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നു. റെഡ്ഡിറ്റിലെ ‘ ഇന്ത്യന്‍ വര്‍ക്ക്‌പ്ലേസ് ‘ കമ്മ്യൂണിറ്റിയിലാണ് യുവാവ് സംഭവം പങ്കുവെച്ചത്.
”ഭാര്യയുടെ ആദ്യ പ്രസവം ആയതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മാനേജറെ വിവരം അറിയിച്ചു രണ്ട് ദിവസത്തെ അവധി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവധി വൈകിപ്പിക്കാനും, എന്റെ മാതാപിതാക്കള്‍ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാമോ എന്നും ചോദിച്ചു. ആശുപത്രിയില്‍ നിന്നും ജോലി ചെയ്യാമെന്നും നിര്‍ദേശിച്ചു,” യുവാവ് പോസ്റ്റില്‍ വ്യക്തമാക്കി.
”ഭാര്യക്കും നവജാതശിശുവിനും പൂര്‍ണ്ണ ശ്രദ്ധ നല്‍കേണ്ട സമയത്ത് ലാപ്ടോപ്പുമായി ആശുപത്രി മുറിയില്‍ ഇരിക്കാന്‍ കഴിയാത്തതിന്റെ കാരണമെങ്ങനെ വിശദീകരിക്കണം എന്നതാണ് വലിയ ബുദ്ധിമുട്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സമീപനം മാനേജര്‍മാര്‍ക്ക് ”പ്രസവം പോലുള്ള നിര്‍ണായക ജീവിത സംഭവങ്ങളിലും ജീവനക്കാര്‍ക്ക് വ്യക്തിപരമായ ജീവിതം ഉണ്ടായരുതെന്നാണ് കരുതുന്നതോ?” എന്ന ചോദ്യവും യുവാവ് ഉയര്‍ത്തി.
പോസ്റ്റ് വൈറലായതോടെ, നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കള്‍ യുവാവിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. യുവാവിന്റെ പോസ്റ്റിന് മറുപടിയായി ജോലിയെക്കാള്‍ കുടുംബത്തിന് മുന്‍ഗണന നല്‍കണമെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് പ്രസവം പോലുള്ള നിര്‍ണായക നിമിഷങ്ങളില്‍.