സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ വിവാദ ജയില്‍ സന്ദര്‍ശനം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുമ്പോള്‍ നേതാക്കള്‍ കാണുന്നത് സ്വാഭാവികമാണെന്നും സംഭവം ഗൗരവത്തോടെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിയ കൊലക്കേസ് പ്രതികളെ ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ദൃഡനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതില്‍ സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളില്‍ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും.
ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി. പ്രതിപക്ഷ എം.എല്‍.എമാരായ റോജി എം.ജോണ്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കുഞ്ഞിരാമന്‍ അടക്കമുളള പ്രതികളെ സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു.
ഇവരെയാണ് പി. ജയരാജന്‍ അടക്കമുളള സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചത്. പിന്നീട് പാര്‍ട്ടി നേതാക്കളായ പ്രതികള്‍ ജാമ്യം നേടി ജയിലില്‍നിന്ന് പുറത്തിറങ്ങിയപ്പോഴും സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയിരുന്നു.