ദുബായ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ രാജ്യാന്തര കായിക താരങ്ങളെയും ബാധിച്ചു. ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധു ദുബായില്‍ കുടുങ്ങി. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് യുഎഇയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് സിന്ധുവിന് യാത്ര തുടരാനാകാതിരുന്നത്.
ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട യാത്രയ്ക്കിടെയാണ് സിന്ധു ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. തൊട്ടടുത്ത് സ്‌ഫോടനം നടന്നതായി താരം അറിയിച്ചു. ”വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്. ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. എന്റെ പരിശീലകന്‍ പുകയും അവശിഷ്ടങ്ങളും നിറഞ്ഞ സാഹചര്യത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്കാണ് മാറിയിരിക്കുന്നത്. സാഹചര്യം ശാന്തമാകുമെന്നാണ് പ്രതീക്ഷ,” എന്ന് സിന്ധു എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഇതിനിടെ ബംഗ്ലദേശ് ക്രിക്കറ്റ് താരം മുഷ്ഫിഖര്‍ റഹീം സൗദി അറേബ്യയിലെ ജിദ്ദയില്‍ കുടുങ്ങി. ഉംറ നിര്‍വഹിച്ചു മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് സൗദി അറേബ്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ദുബായ് വഴി ബംഗ്ലദേശിലേക്കു പോകാനായിരുന്നു പദ്ധതി. എന്നാല്‍ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരോടൊപ്പം ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന് മുഷ്ഫിഖര്‍ പ്രതികരിച്ചു.
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ശക്തമാകുന്നതിനാല്‍ അന്താരാഷ്ട്ര വിമാനഗതാഗതത്തില്‍ വന്‍ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.