kerala

ആശാ വര്‍ക്കര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടത് സര്‍ക്കാരിന്റെ പരാജയമാണ്; വി.എം. സുധീരന്‍

By webdesk18

February 23, 2025

ആശാ വര്‍ക്കര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടത് സര്‍ക്കാരിന്റെ പരാജയമാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍. സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഒരു ജനാധിപത്യ ഭരണകൂടം ആശാ വര്‍ക്കര്‍മാരെ ഒരു സമരത്തിലേക്ക് തള്ളി വിടാന്‍ പാടില്ലായിരുന്നു. ചെയ്യുന്ന ജോലിക്ക് തൃപ്തികരമായ വേതനം എന്നുള്ളത് ന്യായമുള്ള കാര്യമാണ്. മിനിമം വേജസിന് വേണ്ടി സമര പരമ്പര നടത്തിയവരാണ് അധികാരത്തില്‍ ഇരിക്കുന്നത്. അശാ വര്‍ക്കര്‍മാര്‍ നടത്തുന്ന അസാധാരണമായ തൊഴിലിനെ മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും അവരുടെ സമരത്തെ തള്ളിക്കളയാനോ അവകാശങ്ങളെ നിഷേധിക്കാനോ കഴിയില്ല. പ്രാഥമിക വൈദ്യസഹായം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുന്ന പാവനമായി പരിപാടിയാണ് അവര്‍ നടത്തുന്നത്. പകര്‍ച്ചവ്യാധികളുടെ കാലത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിനെ രക്ഷിക്കുന്നത് ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാരും ജനങ്ങള്‍ക്കും ഇടയിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കുന്ന ആശാ വര്‍ക്കര്‍മാരാണ് – സുധീരന്‍ പറഞ്ഞു.