ന്യൂഡല്‍ഹി: നോട്ടുനിരോധനത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ് കുമാര്‍.
ഭരണകൂട പിടിപ്പുകേടിന്റെ ശാശ്വത സ്മാരകമാണ് നോട്ട് നിരോധനമെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ ഐക്യം കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ ഫിയര്‍ലെസ്സ് ഇന്‍ ഓപ്പോസിസഷന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിതീഷ്. നേരത്തെ, നോട്ടു നിരോധനത്തെ ശക്തമായ ന്യായീകരിച്ച ഏക പ്രതിപക്ഷ മുഖ്യമന്ത്രിയായിരുന്നു നിതീഷ്.
‘നോട്ടു നിരോധനം ഭരണകൂടത്തി്‌ന്റെ പിടിപ്പുകേടിന്റെ സ്മാരകമാണെന്ന ഡോ.മന്‍മോഹന്‍ സിങിന്റെ വാക്കുകള്‍ ശരിയാണ്. എന്താണ് അതിന്റെ നേട്ടമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയേണ്ടതുണ്ട്. അവര്‍ക്ക് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കഴിയില്ല. ലോകത്തെവിടെയെങ്കിലും കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥ നടപ്പിലായിട്ടുണ്ടോ? ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അത് സാധ്യമാകുമോ? അദ്ദേഹം ചോദിച്ചു.
തുടക്കത്തില്‍ നോട്ട് നിരോധനത്തെ അനുകൂലിച്ചതിനെ അദ്ദേഹം ന്യായീകരിച്ചു. കള്ളപ്പണം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തില്‍ ഇതിന് അനുകൂലമായി സംസാരിച്ചത്. എന്നാല്‍ ഇപ്പോള്‍ സമയമേറെയായി. എത്ര കള്ളപ്പണം പിടിച്ചെടുത്തെന്നും എത്ര അഴിമതിക്കാരെ പിടികൂടിയെന്നും പറയാനുള്ള സമയമായിരിക്കുന്നു- അദ്ദേഹം പറഞ്ഞു.