News

‘രജനികാന്തിനൊപ്പം നില്‍ക്കാനായാല്‍ മതി’; കൂലിയിലെ തന്റെ ചെറിയ വേഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഉപേന്ദ്ര

By webdesk17

December 24, 2025

വന്‍ പ്രതീക്ഷകളോടെയും ഹൈപ്പോടെയും തിയറ്ററുകളിലെത്തിയ രജനികാന്ത് ചിത്രം ‘കൂലി’ ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച ഉയരത്തിലെത്താനായില്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര എന്നിവരെ ഉള്‍പ്പെടുത്തി വന്‍ താരനിര അണിനിരന്നിരുന്നു. എന്നിരുന്നാലും സിനിമയെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും, പ്രത്യേകിച്ച് ഉപേന്ദ്ര കൂലിയില്‍ ചെറിയ വേഷം ചെയ്തതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു. ഇപ്പോഴിതാ, കൂലിയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഉപേന്ദ്ര മനസുതുറക്കുകയാണ്. സിനിമ റിലീസായതിന് പിന്നാലെ എന്തിനാണ് ഉപേന്ദ്ര ആ വേഷം ചെയ്തത് എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ആരാധകരില്‍ നിന്ന് വന്നിരുന്നു. ഇതിന് മറുപടിയായാണ് ഉപേന്ദ്രയുടെ പ്രതികരണം.

രജനികാന്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് കൂലിയില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഉപേന്ദ്ര വ്യക്തമാക്കി. ‘രജനി സാറിനുവേണ്ടിയാണ് ഞാന്‍ ആ റോള്‍ ചെയ്തത്. അത് എന്റെ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അനുഭവമാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ്, ടാലന്റ്, ഫിലോസഫി, ജീവിതം എല്ലാം തന്നെ എനിക്ക് പ്രചോദനമാണ്,’ ഉപേന്ദ്ര പറഞ്ഞു. ‘അദ്ദേഹത്തിന്റെ അടുത്ത് നില്‍ക്കുന്ന ഒരു ഷോട്ട് പോലും എനിക്ക് മതിയായിരുന്നു. തുടക്കത്തില്‍ കൂലിയില്‍ എനിക്ക് ഒരു ഫൈറ്റ് സീന്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് കഥയില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു,’ എന്നും ഉപേന്ദ്ര കൂട്ടിച്ചേര്‍ത്തു. കൂലിയില്‍ കലീഷ എന്ന കഥാപാത്രമായിട്ടാണ് ഉപേന്ദ്ര എത്തിയത്.

ഇതുവരെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ദുര്‍ബലമായ സിനിമയെന്ന വിമര്‍ശനവും ആരാധകരുടെ ഭാഗത്ത് നിന്ന് കൂലിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ബോക്‌സോഫീസ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 235 കോടി രൂപയാണ് നേടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ദിനം തന്നെ ആഗോള വിപണിയില്‍ നിന്ന് 151 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. ഈ കണക്കുകള്‍ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടതാണ്. ഒരു തമിഴ് ചിത്രം ആഗോള തലത്തില്‍ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിതെന്നും അവകാശപ്പെടുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.