kerala

വിമാനത്താവളങ്ങളില്‍ മുസ്‌ലിംലീഗ് പ്രതിഷേധം ഇന്ന്

By webdesk11

April 03, 2023

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മുസ്‌ലിംലീഗ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങള്‍ക്ക് മുന്നിലും ഇന്ന് രാവിലെ 10 മണിക്ക് പ്രതിഷേധ സംഗമങ്ങള്‍ നടക്കും. ജനാധിപത്യ ഇന്ത്യയെ ആസന്നമായ അപകടത്തില്‍നിന്ന് രക്ഷിക്കാനുള്ള മതേതര കക്ഷികളുടെ പോരാട്ടത്തിന് ശക്തി പകരുകയാണ് സമര ലക്ഷ്യം. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ കാമ്പയിന്‍ ഉള്‍പ്പെടെ നിരവധി പരിപടികളാണ് ഇതിനകം നടന്നത്. മുസ്‌ലിം യൂത്ത് ലീഗ് ഉള്‍പ്പെടെ പോഷക ഘടകങ്ങളും സമര രംഗത്ത് സജീവമാണ്.

കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ നടക്കുന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രതിഷേധ സംഗമം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാമും തിരുവനന്തപുരത്ത് അസംബ്ലി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീറും ഉദ്ഘാടനം ചെയ്യും.