india

മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുക: സയ്യിദ് സാദിഖലി തങ്ങള്‍

By Chandrika Web

February 16, 2023

കോഴിക്കോട്: മാര്‍ച്ച് 9, 10 തിയതികളില്‍ ചെന്നൈയില്‍ നടക്കുന്ന മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ചരിത്ര വിജയമാക്കാന്‍ പാര്‍ട്ടി ഘടകങ്ങളും പ്രവര്‍ത്തകരും ആവേശത്തോടെ രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാനും കേരള സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിംലീഗ് ചരിത്രത്തിലെ ഉജ്വല അധ്യായമായി ചെന്നൈ സമ്മേളനം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ദേശീയ നേതൃത്വം. മാര്‍ച്ച് 10 ന് നടക്കുന്ന മഹാറാലിയില്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും പ്രവര്‍ത്തകരുടെ പ്രാതിനിധ്യം ഉറപ്പു വരുത്തണം . എല്ലാ വാര്‍ഡ് കമ്മിറ്റികളും പ്രചാരണ ബോര്‍ഡുകള്‍ ഉയര്‍ത്തണം. സമ്മേളനത്തിന്റെ സന്ദേശം പൊതുസമൂഹത്തിലെത്തിക്കാന്‍ ഗൃഹസന്ദര്‍ശനം നടത്തണം. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അവകാശപോരാട്ടത്തിന്റെ അഭിമാനകരമായ ഏഴരപതിറ്റാണ്ടാണ് മുസ്‌ലിംലീഗ് പിന്നിട്ടത്. വരും കാലത്തും അതേ പാതയില്‍ മുന്നോട്ട് കുതിക്കാന്‍ പാര്‍ട്ടിക്ക് കരുത്തു പകരുന്നതായിരിക്കും പ്ലാറ്റിനം ജൂബിലി സമ്മേളനം. സമ്മേളന വിജയത്തിനായി വിശ്രമ രഹിത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ തങ്ങള്‍ മുസ്‌ലിംലീഗ് നേതാക്കളോടും പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു.