ഹാംബുര്‍ഗ്: ജി-20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക. ഉച്ചകോടി നടക്കുന്ന മുറിയില്‍ നിന്ന് അല്‍പനേരത്തേക്ക് ട്രംപ് പുറത്തുപോയപ്പോഴാണ് ഇവാന്‍ക അമേരിക്കന്‍ പ്രസിഡന്റിന്റെ ഇരിപ്പിടത്തില്‍ ഇരുന്നത്.

imgs

ട്രംപ് തന്നെയാണ് മകളെ തന്റെ ഇരിപ്പിടത്തില്‍ കയറ്റി ഇരുത്തിയത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് ഇവാന്‍ക ഇരുന്നത്.

ആഫ്രിക്കന്‍ വികസനത്തെക്കുറിച്ച് ലോക ബാങ്ക് അധ്യക്ഷന്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇവാന്‍കയുടെ ‘നുഴഞ്ഞുക്കയറ്റം’.

നേതാക്കള്‍ പുറത്തുപോകുമ്പോള്‍ അവരുടെ ഇരിപ്പിടത്തില്‍ പ്രതിനിധികളെ ഇരുത്താറുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍ ഇവാന്‍ക ട്രംപിന്റെ ഉപദേശക കൂടിയാണെങ്കിലും രാഷ്ട്രത്തലവന്റെ അഭാവത്തില്‍ ആ രാജ്യത്തെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുക.

ഇവാന്‍കക്കെതിരെ വിമര്‍ശം

ഉപദേശക സ്ഥാനത്തുള്ള ഒരു വ്യക്തി പ്രസിഡന്റിനെ പ്രതിനിധീകരിച്ച് ഇരിപ്പിടത്തില്‍ ഇരുന്നതിനെതിരെ നിരവധി പേര്‍ രംഗത്തുവന്നു.

തെരഞ്ഞെടുക്കപ്പെടാത്ത, യോഗ്യതയോ പരിചയമോ ഇല്ലാത്ത വ്യക്തിയാണ് ഇവാന്‍കയെന്നും പ്രസിഡന്റിന്റെ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യയല്ലെന്നുമാണ് പ്രധാന ആക്ഷേപം.

സോഷ്യല്‍ മീഡിയയിലും ഇവാന്‍കയുടെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Watch Video: