തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍ അന്തേവാസികളുടെ വേതനത്തില്‍ സര്‍ക്കാര്‍ വന്‍ വര്‍ധനവ് നല്‍കി. ഏഴ് വര്‍ഷത്തിന് ശേഷമാണ് വേതനം പരിഷ്‌കരിക്കുന്നത്. ജയില്‍ മേധാവിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് പുതിയ വേതനനിരക്ക് നിലവില്‍ വന്നത്.
മൂന്ന് വിഭാഗങ്ങളിലായാണ് വേതന വര്‍ധന നടപ്പാക്കുന്നത്. സ്‌കില്‍ഡ് ജോലികള്‍ക്ക് ദിവസവേതനം 620 രൂപയും, സെമി-സ്‌കില്‍ഡ് ജോലികള്‍ക്ക് 560 രൂപയും, അണ്‍-സ്‌കില്‍ഡ് ജോലികള്‍ക്ക് 530 രൂപയുമാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 63 രൂപ മുതല്‍ 230 രൂപ വരെയായിരുന്നു.
ജയില്‍ അന്തേവാസികളുടെ വേതനം പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ സമാനമായ വേതനപരിഷ്‌കരണം നടപ്പിലാക്കിയിട്ടുണ്ടെന്നും ജയില്‍ മേധാവിയുടെ ശിപാര്‍ശയില്‍ പറയുന്നു. കേരളത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവുകാരുടെ വേതനം പരിഷ്‌കരിക്കപ്പെടാത്ത സാഹചര്യത്തില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്നും വ്യക്തമാക്കുന്നു.
അതേസമയം, തടവുപുള്ളികളുടെ വേതനം കുത്തനെ ഉയര്‍ത്തിയ സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ കൂലി വര്‍ധിപ്പിക്കാത്ത സാഹചര്യമാണ് കാണിക്കുന്നത്. ദീര്‍ഘകാലമായി വേതനപരിഷ്‌കരണം ആവശ്യപ്പെടുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കൂലിയില്‍ നിലവില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ആറ് വ്യത്യസ്ത വേതന ഘടനകളാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളില്‍ പൊതുവെ സ്‌കില്‍ഡ്, സെമി-സ്‌കില്‍ഡ്, അണ്‍-സ്‌കില്‍ഡ് എന്നിങ്ങനെയാണ് വേതന ഘടന തരംതിരിച്ചിട്ടുള്ളത്.