ജക്കാര്‍ത്ത: മത നിന്ദ കേസില്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ ബാസുകി ജഹജ പുര്‍ണാമക്ക് ഇന്തോനേഷ്യന്‍ കോടതി രണ്ടു വര്‍ഷം തടവു വിധിച്ചു. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവെ ഖുര്‍ആന്‍ വചനം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് പുര്‍ണമാക്കെതിരെയുള്ള കേസ്. കോടതി ശിക്ഷ പ്രഖ്യാപിച്ച ഉടന്‍ പുര്‍ണാമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബറില്‍ കാലാവധി അവസാനിക്കുന്നതുവരെ ഡെപ്യൂട്ടി ഗവര്‍ണര്‍ സൈഫുല്‍ ഹിദായത്ത് ചുമതല നിര്‍വഹിക്കും. പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടതിനെക്കാള്‍ കഠിനമായ ശിക്ഷയാണ് കോടതി പുര്‍ണാമക്ക് വിധിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിനിടെ ജക്കാര്‍ത്തയുടെ ഗവര്‍ണറാകുന്ന ആദ്യ ക്രിസ്ത്യന്‍ മത വിഭാഗക്കാരനാണ് ഇദ്ദേഹം. പുര്‍ണാമക്ക് പരമാവധി അഞ്ചു വര്‍ഷം തടവ് വിധിക്കണമെന്ന് ആവശ്യപ്പെട്ട് ചില തീവ്രവാദ ഗ്രൂപ്പുകള്‍ കോടതിക്കു പുറത്തുതടിച്ചുകൂടിയിരുന്നു. ഗവര്‍ണറുടെ അനുകൂലികളും കോടതിക്കു പുറത്ത് തടിച്ചുകൂടി. സംഘര്‍ഷം കണക്കിലെടുത്ത് 15,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കോടതിക്ക് പുറത്ത് വിന്യസിച്ചിരുന്നത്. കുറ്റം നിഷേധിച്ച പുര്‍ണാമ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് അറിയിച്ചു. ഗവര്‍ണര്‍ക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നു. ഒരു അമുസ്‌ലിമിനു വോട്ടു ചെയ്യരുതെന്ന് മുസ്്‌ലിംകളെ ഉപദേശിക്കാന്‍ രാജ്യത്തെ ചില നേതാക്കള്‍ ഖുര്‍ആന്‍ വചനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെനന് ആരോപിച്ചതാണ് പുര്‍ണാമക്കെതിരെ കേസെടുക്കാന്‍ കാരണം. മുന്‍ ഗവര്‍ണര്‍ ജോകോ വിഡോഡോ സൈനിക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് 2014ലാണ് പുര്‍ണാമ ജക്കാര്‍ത്തയുടെ ഗവര്‍ണറായത്. കുറഞ്ഞ കാലം കൊണ്ട് നിരവധി ജനപ്രിയ പദ്ധതികള്‍ അദ്ദേഹം തലസ്ഥാന നഗരിയില്‍ കൊണ്ടുവന്നു. കഴിഞ്ഞ മാസം നടന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ അനീസ് റാഷിദ് ബസ്‌വദാനോട് പരാജയപ്പെട്ടിരുന്നു. ഒക്ടോബറില്‍ മാത്രമേ പുര്‍ണാമയുടെ കാലാവധി അവസാനിക്കൂ.