ജെയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ പരമ്പരയായ ‘അവതാർ’യുടെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഇപ്പോൾ പ്രദർശനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പക്ഷേ, ആദ്യ റിവ്യൂകളിൽ പ്രതീക്ഷയ്‌ക്ക് ഒത്തുനിൽക്കുന്നില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.
ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ചിത്രത്തിന് വൺ സ്റ്റാർ, ടു സ്റ്റാർ റേറ്റിങ്ങുകളാണ് നൽകിയിരിക്കുന്നത്. മൂന്നു മണിക്കൂറോളം നീളുന്ന ചിത്രം “അസംബന്ധങ്ങളുടെ നീണ്ട യാത്ര”യെന്ന് ഗാർഡിയൻ വിമർശിച്ചു. ‘അവതാർ’ പരമ്പരയിലെ ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും മോശവുമായ സിനിമയെന്ന വിശേഷണമാണ് ബി.ബി.സി നൽകിയത്.
2009ലാണ് ‘അവതാർ’യുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. വിദൂരഗ്രഹമായ പെൻഡോറയിലാണ് കഥ നടക്കുന്നത്. 2D, ഐമാക്‌സ് 3D ഫോർമാറ്റുകളിലായി പുറത്തിറങ്ങിയ ആദ്യ ഭാഗം തിയറ്ററുകളിൽ നിന്ന് 2.9 ബില്യൺ ഡോളർ വരുമാനം നേടി, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി.
2022ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗമായ ‘അവതാർ: ദ വേ ഓഫ് വാട്ടർ’ 2.3 ബില്യൺ ഡോളർ നേടിയിരുന്നു. ഇതോടെ മൂന്നാം ഭാഗത്തേക്കുള്ള പ്രതീക്ഷകൾ വലിയതായിരുന്നു.
ഒരു അഗ്നിപർവതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലെ ഗോത്രവർഗ്ഗക്കാരുടെ കഥയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’ പറയുന്നത്. കാലിഫോർണിയയിലെ ഡി23 എക്സ്പോയിലാണ് ജെയിംസ് കാമറൂൺ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രം എന്ന പദവി ഇപ്പോഴും ‘അവതാർ’ ആദ്യ ഭാഗത്തിനാണ് (2.89 ബില്യൺ ഡോളർ). 2019ൽ പുറത്തിറങ്ങിയ ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ (2.79 ബില്യൺ ഡോളർ) രണ്ടാം സ്ഥാനത്തും, ‘അവതാർ 2’ മൂന്നാം സ്ഥാനത്തും, ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ നാലാം സ്ഥാനത്തുമാണ്.