Film

‘ജനനായകൻ’ വീണ്ടും അനിശ്ചിതത്വത്തിൽ; സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈകോടതി വിധി മാറ്റിവെച്ചു

By sreenitha

January 21, 2026

ചെന്നൈ: സംവിധായകൻ എച്ച്. വിനോദും ദളപതി വിജയ്‌യും ഒന്നിക്കുന്ന ‘ജനനായകൻ’ വീണ്ടും തിരിച്ചടിയിലായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് സമർപ്പിച്ച അപ്പീൽ മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജനുവരി 20ന് വിശദമായ വാദം കേട്ടെങ്കിലും കോടതി അന്തിമ വിധി പ്രസ്താവിച്ചില്ല. ഇതോടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

ജനുവരി 9ന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ‘ജനനായകൻ’, സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു. ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് റിവൈസിങ് കമ്മിറ്റിക്ക് വിടാനായിരുന്നു ബോർഡിന്റെ തീരുമാനം. എന്നാൽ, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.

അതേസമയം, അഞ്ചംഗ പരിശോധനാ സമിതി ഏകകണ്ഠമായി U/A സർട്ടിഫിക്കറ്റ് ശിപാർശ ചെയ്തതാണെന്നും, ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം സിനിമ വീണ്ടും പരിശോധനയ്ക്ക് അയക്കുന്നത് ശരിയല്ലെന്നുമാണ് നിർമാതാക്കളുടെ വാദം. പരാതിക്കാരൻ ചൂണ്ടിക്കാണിച്ച രംഗങ്ങൾ ഇതിനോടകം തന്നെ നീക്കം ചെയ്തതായും നിർമാതാക്കൾ കോടതിയിൽ വ്യക്തമാക്കി.

നേരത്തെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, ഈ വിഷയത്തിൽ ജനുവരി 20ന് തന്നെ ഹൈകോടതി തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. വിജയ് പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള അവസാന ചിത്രം എന്ന നിലയിൽ ‘ജനനായകൻ’ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പ്രൊമോഷനുകളും വലിയ തരംഗം സൃഷ്ടിച്ചിരുന്നെങ്കിലും നിയമപോരാട്ടം റിലീസിനെ പ്രതികൂലമായി ബാധിക്കുകയാണ്.

ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. ഏകദേശം 500 കോടി രൂപ ചെലവിട്ട് നിർമിച്ച ചിത്രം ലോകമെമ്പാടുമുള്ള 5000ലേറെ സ്ക്രീനുകളിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതി.

പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. കോടതി വിധി വൈകുന്നതോടെ ‘ജനനായകൻ’ റിലീസ് ചെയ്യാനുള്ള തീയതി ഇനിയും വ്യക്തമാകാത്ത നിലയിലാണ്.